പത്തനംതിട്ട: എസ്‌ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ച് പ്ലസ്ടുവിദ്യാർത്ഥി. പത്തനംതിട്ട ബസ് സ്റ്റാൻഡിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐ ജിനുവിനാണ് മർദ്ദനമേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്തതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്. സ്‌കൂൾ വിട്ടശേഷം സ്റ്റാൻഡിൽ കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ പറഞ്ഞതിന് വിദ്യാർത്ഥി ആക്രമിക്കുകയായിരുന്നു.
വിദ്യാർത്ഥിനികളെ സ്ഥിരമായി കമന്റടിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് എസ്‌ഐയും ഒരു പോലീസുകാരനും സ്റ്റാൻഡിൽ അന്വേഷണത്തിന് എത്തിയത്. ഈ സമയത്താണ് അസ്വഭാവികമായി സ്റ്റാൻഡിൽ കറങ്ങി നടക്കുന്ന വിദ്യാർത്ഥിയെ കണ്ടത്. വീട്ടിൽപോകാൻ എസ്‌ഐ പറഞ്ഞപ്പോൾ അദ്ദേഹത്തോട് തട്ടിക്കയറിയ വിദ്യാർത്ഥി ഇത് പറയാൻ താൻ ആരാണെന്ന് ചോദിച്ചു. എങ്കിൽ പിന്നെ സ്റ്റേഷനിൽ പോയി സംസാരിക്കാമെന്ന് പറഞ്ഞ് എസ്‌ഐ കുട്ടിയെ കൈയ്യിൽപിടിച്ച് ജീപ്പിനരികിലേക്ക് കൊണ്ടുപോയി.
ഈ സമയത്താണ് പിന്നിൽനിന്ന് ആക്രമിച്ചത്. താഴെ വീണ എസ്.ഐ.യുടെ തലയിൽ കമ്പുകൊണ്ട് അടിക്കുകയും ചെയ്തു. പോലീസുകാരന്റെ സഹായത്തോടെ എസ്.ഐ. പിന്നീട് വിദ്യാർത്ഥിയെ കീഴടക്കി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Discussion about this post