തിരുവനന്തപുരം: വേനൽകാലമാകുന്നതിന് മുൻപേ വെന്തുരുകി കേരളം. ഇന്ന് വടക്കൻ കേരളത്തിൽ അതിശക്തമായ ചൂടാണ് അനുഭവപ്പെടുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് ജനങ്ങൾക്കായി അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ ആണ് സാദ്ധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
മുൻ ദിവസങ്ങളിലും അതിശക്തമായ ചൂട് ആയിരുന്നു സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്. വേനൽ ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്. ഇതിന് മുൻപ് തന്നെ ആരംഭിച്ച കടുത്ത ചൂടിനെ വലിയ ആശങ്കയോടെയാണ് ആളുകൾ കാണുന്നത്. ഇക്കുറി വേനൽ മുൻവർഷത്തെക്കാൾ കഠിനമാകാനാണ് സാദ്ധ്യത.
അതേസമയം ഇന്നും നാളെയും സംസ്ഥാനത്ത് ചെറിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തെക്കൻ- മദ്ധ്യ കേരളത്തിലാകും മഴ ലഭിക്കുക. നാളെ മഴ ശക്തിപ്രാപിക്കാനാണ് സാദ്ധ്യത. ഇതേ തുടർന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post