തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരമത്യപ്പെടുത്തി നീതി ആയോഗ് നടത്തിയ റാങ്കിംഗിൽ കേരളത്തിന്റേത് നാണം കെട്ടസ്ഥാനം. 18 പ്രമുഖ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം 15ാമതാണ്. വരുമാനം മെച്ചപ്പെടുത്താനായെങ്കിലും ചെലവുകൾ ഗുണപരമല്ലാത്തതും ബാധ്യതകൾ കൂടുതൽ ഉള്ളതുമാണ് കേരളത്തിന്റെ റാങ്കിംഗ് ഇത്രയധികം പിന്നിലേക്ക് ആക്കിയത്. ചെലവിന്റെ ഗുണനിലവാരം, വരുമാന സമാഹരണം, ചെലവ് നിയന്ത്രണം, കടത്തിന്റെ സൂചിക, കടത്തിന്റെ സുസ്ഥിരത എന്നിങ്ങനെ അഞ്ച് ഘടകങ്ങളാണ് വിലയിരുത്തിയത്. ഇതിൽ ചെലവിന്റെ ഗുണനിലവാരത്തിലാണ് കേരളത്തിന് ഏറ്റവും കുറഞ്ഞ സ്‌കോർ.
നീതി ആയോഗിന്റെ 2025-ലെ ധനാരോഗ്യ സൂചികാ റിപ്പോർട്ടാണ് 2022-23 ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരതമ്യപ്പെടുത്തിയത്. 2014-15 മുതൽ 16-ാം റാങ്കിലായിരുന്നു കേരളം. ഒരുസ്ഥാനം മുന്നിലായെങ്കിലും സംസ്ഥാനങ്ങളെ നാലു വിഭാഗങ്ങളായി വേർതിരിക്കുമ്പോൾ ഏറ്റവും പിന്നിലുള്ള ‘ആസ്പിരേഷണൽ’ വിഭാഗത്തിലാണ് കേരളം. സ്ഥിതി മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാണ, കേരളം, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നിവയാണ് ആ ഗ്രൂപ്പിലുള്ളത്. ഒഡീഷ, ഛത്തീസ്ഗഢ്, ഗോവ, ഝാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. ഒഡീഷയുടെ സ്‌കോർ 67.8 ആണ്. കേരളത്തിന്റേത് 25.4 എന്ന നിലയിലുമാണ്.
ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ ഒഴിവാക്കാനാകാത്ത ചെലവുകൾ മൊത്തം ചെലവിന്റെ 63.9 ശതമാനമാണ്. വികസനച്ചെലവ് 8.8 ശതമാനവും. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി വികസനച്ചെലവ് 15.2 ശതമാനമാണ്. കേരളത്തിന്റെ ആരോഗ്യ, കുടുംബക്ഷേമ ചെലവ് 6.4 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി 5.6 ശതമാനവും. വിദ്യാഭ്യാസച്ചെലവ് കേരളത്തിൽ 14 ശതമാനം. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി 14.9 ശതമാനം.
2018-19ൽ സംസ്ഥാനത്തിൻറെ മൊത്തം കട ബാധ്യതകളുടെ ശതമാനം 30.7% ആയിരുന്നത് 2022-23 ൽ 37.6% ആയി വർധിച്ചു. കേരളത്തിൻറെ വലിയ തോതിലുള്ള ചെലവ്, വരുമാനം വർധിപ്പിക്കുന്നതിലെ പോരായ്മകൾ, നികുതി പിരിവിലെ അപാകതകൾ എന്നിവ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി.
Discussion about this post