മലയാള സിനിമയുടെ അഭിമാനവും അഹങ്കാരവുമാണ് മോഹൻലാൽ. ലാലേട്ടൻ എന്ന് മലയാള സിനിമാ പ്രേക്ഷകർ ഒന്നാകെ ഒരേസ്വരത്തിൽ വിളിക്കുന്ന മോഹൻലാലിനെ കുറിച്ചുള്ള വിശേഷങ്ങളറിയാൻ എല്ലാവർക്കും താത്പര്യമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ.
തന്റെ സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് മോഹൻലാൽ പറയുന്നു. ആരാധകരുടെ സ്‌നേഹമാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം. കൃത്യമായ ഭക്ഷണരീതിയും വ്യായാമവും പിന്തുടർന്നാൽ, എക്കാലത്തും ആരോഗ്യം കാത്തുസൂക്ഷിക്കാൻ സാധിക്കും. സിനിമയിൽ നിൽക്കുന്നവർക്ക് മാത്രമല്ല, സാധാരണയാളുകളും ഈ ജീവിതരീതി പിന്തുടരണമെന്നും മോഹൻലാൽ പറഞ്ഞു.
മലയാള സിനിമയിൽ വളർന്നുവരുന്ന സാങ്കേതിക വിദ്യകളെ കുറിച്ചും താരം വ്യക്തമാക്കി. സിനിമയിൽ ഏറ്റവും കൂടുതൽ സാങ്കേതിക വിദ്യയുപയോഗിക്കുന്നത് മലയാളത്തിലാണ്. ഒരുപാട് മലയാളി യുവാക്കൾ പല വിദേശരാജ്യങ്ങളിലും വമ്പൻ സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സാങ്കേതിക വിദ്യയെ കൃത്യമായ രീതിയിൽ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള സൗകര്യങ്ങൾ കൃത്യമായി കൊണ്ടുവരികയാണെങ്കിൽ അത് മലയാള സിനിമാ മേഖലയ്ക്ക് കൂടുതൽ ഗുണം ചെയ്യും.
‘കഴിഞ്ഞ 45 വർഷമായി ഞാൻ സിനിമയിൽ പ്രവർത്തിക്കുന്നു. എന്റെ ബ്രഡും ബട്ടറുമാണ് സിനിമ. സാങ്കേതിക വിദ്യ കൃത്യമായി ഉപയോഗിച്ചാൽ, മലയാള സിനിമയെ വലിയൊരു വ്യവസായമാക്കി മാറ്റാനാകും’ – മോഹൻലാൽ പറഞ്ഞു.
Discussion about this post