രണ്ടുമാസത്തോളം കാലം ഇന്ത്യയിലെ അനേകം തീയേറ്ററുകളെ ഇടിയുടെ പൂരപ്പറമ്പ് ആക്കിയ ശേഷം ഉണ്ണി മുകുന്ദന്റെ മാർക്കോ ഒടിടി റിലീസിന്. പ്രണയദിനമായ ഫെബ്രുവരി 14നാണ് മാർക്കോ ഒടിടിയിലേക്ക് എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം ഉണ്ണി മുകുന്ദനെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ആക്കി മാറ്റിയ ചിത്രമാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ.
കഴിഞ്ഞവർഷം പുറത്തിറങ്ങിയ മലയാളം സിനിമകളിൽ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്ന് കൂടിയാണ് മാർക്കോ. ആക്ഷൻ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രം ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഇന്ത്യയിലാകമാനം വലിയ ചലനമാണ് സൃഷ്ടിച്ചത്. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്നറിയപ്പെടുന്ന മാർക്കോ കഴിഞ്ഞ ഡിസംബർ 20നായിരുന്നു കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നത്.
ആദ്യം മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ കൊണ്ട് ഹിന്ദിയിലേക്ക് കൂടി എത്തുകയായിരുന്നു. ഹിന്ദി മേഖലയിൽ വലിയ വിജയമാണ് മാർക്കോ നേടിയത്. പിന്നാലെ തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്തു. ഒടുവിൽ ഇന്ന് മാർക്കോ കന്നഡയിലും റിലീസ് ചെയ്തു. കന്നഡ റിലീസിന്റെ അതേ ദിനം തന്നെയാണ് മാർക്കോ ഒടിടിയിലേക്ക് എന്ന് എത്തും എന്നുള്ള കാര്യം നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്.
ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രമാണ് മാർക്കോ.
ജനപ്രിയ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 14 മുതൽ സോണി ലിവിൽ മാർക്കോ കാണാൻ കഴിയും. മലയാളത്തിനൊപ്പം തന്നെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകളും സോണി ലിവില്‍ സ്ട്രീമിംഗ് നടത്തുന്നതാണ് . ജനുവരി 21 ന് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം 115 കോടിയിലേറെയാണ് മാർക്കോ തീയേറ്ററുകളിൽ നിന്നും നേടിയിട്ടുള്ളത്.
Discussion about this post