തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ. നിയമപരമായി മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി വ്യക്തമാക്കി. മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ മാത്രം, രാജി വച്ചാൽ മതി. എന്നാൽ, ധാർമികതയുടെ പേരിൽ, രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് തന്നെയാണെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കി.
അതേസമയം, മുകേഷിനെ പൂർണമായും തള്ളാെതയും കൊള്ളാതെയുമുള്ള നിലപാടാണ് സിപിഎമ്മിലെ വനിതാ നേതാക്കളുടേത്. മുകേഷിനെതിരായി കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്ത് വരട്ടേയെന്ന് സിപിഎം വനിതാ നേതാവ് പികെ ശ്രീമതി വ്യക്തമാക്കി. അന്വേഷണം നടക്കുന്നുണ്ടല്ലോ.., വേവലാതിയുടെ ആവശ്യമില്ല. മുകേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ഒരു ഇളവ് പോലും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല.
കുറ്റവാളിയെന്ന് കണ്ടെത്തിയാൽ സർക്കാർ മുകേഷിന്റെ കൂടെയുണ്ടാകില്ല. ഇരയ്‌ക്കൊപ്പം തന്നെ സർക്കാർ നിൽക്കും. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണെന്നും പികെ ശ്രീമതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ലൈംഗിക പീഡനക്കേസിൽ മുകേഷിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിന്മേലാണ് നടപടി. സിനിമയിലെ അവസരവും അമ്മ സംഘടനയിലെ അംഗത്വവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. മുകേഷിനെതിരെ യുവതി ഉയർത്തിയ എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയിൽ സന്ദേശങ്ങളും വാട്‌സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
Discussion about this post