ന്യൂഡൽഹി: രാഷട്രപതി ദ്രൗപതി മുർമുവിനെ പരിഹസിച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി നടത്തിയ പരാമർശത്തിൽ അവകാശലംഘന നോട്ടീസ് നൽകി ബിജെപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ പരാമർശിച്ച് ‘പാവം സ്ത്രീ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള പരാമർശത്തിലാണ് സോണിയാ ഗാന്ധിക്കെതിരേ പാർലമെന്റിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ പരാമർശങ്ങൾ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിന് നേരെയുള്ള അവമതിപ്പാണെന്നും ഇതിനെ അപലപിക്കുന്നെന്നും ബിജെപി അംഗങ്ങൾ വ്യക്തമാക്കി.
സോണിയാ ഗാന്ധിയുടേത് വരേണ്യവും ആദിവാസി വിരുദ്ധവുമായ മനോഭാവമാണ്. ആദിവാസ സമൂഹത്തിലെ പാവങ്ങളുടെ പോരാട്ടങ്ങളും സംവേദനക്ഷമതയും അവർ ഇതഒവരെ മനസിലാക്കിയിട്ടില്ല. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സോണിയാ ഗാന്ധിക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ബജറ്റിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെയായിരുന്നു സോണിയ ഗാന്ധിയുടെ വിവാദ പരാമർശം. പ്രസംഗം കഴിഞ്ഞപ്പോഴേക്കും രാഷ്ട്രപതി ക്ഷീണിച്ചു പോയി. പാവം സ്ത്രീ സംസാരിക്കാൻ പറ്റാത്ത നിലയിലേക്കെത്തി എന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്.
സോണിയാ ഗാന്ധിയുടെ രാഷ്ട്രപതിക്കെതിരായ പരാമർശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. സോണിയാ ഗാന്ധിയുടേത് അനാദവോടെയുള്ള പ്രതികരണമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ മുന്നോട്ട് വന്നിരുന്നു. സോണിയ ഗാന്ധിയുടെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവനും പ്രസ്താവനയിറക്കിയിരുന്നു. രാഷ്ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുന്ന വാക്കുകളാണ് കോൺഗ്രസ് നേതാവിൽ നിന്നുണ്ടായതെന്ന് രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post