മലപ്പുറം: സ്ത്രീയും പുരുഷനും സമന്മാരാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ജനറൽ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. സ്ത്രീകൾക്കും പുരുഷനും തുല്യനീതിയാണ് ലഭിക്കേണ്ടത്. തുല്യതയെന്ന് പറയുമ്പോൾ സൃഷ്ടിപരമായ വ്യത്യാസങ്ങൾ രണ്ട് വിഭാഗങ്ങൾക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തിനോട് അനീതി കാണ്ക്കാൻ പാടില്ലെന്നും ഇസ്ലാം എപ്പോഴും സ്ത്രീകളോട് നീതി കാണിച്ചിട്ടുണ്ടെന്നും ഇയാൾ പറയുന്നു.
ഖുർആനിൽ മറിയം ബീവിയുടെ പേരിൽ ഒരു അദ്ധ്യായം ഇറക്കി. സ്ത്രീ ഭർത്താവിനെക്കുറിച്ച് പരാതിയായി അല്ലാഹുവിനോട് പറഞ്ഞപ്പോൾ ആ വിഷയം മാത്രം ഉന്നയിക്കുന്നതിന് വേണ്ടി ഖുർആനിൽ ഒരു അദ്ധ്യായമുണ്ട്. വലിയ ജ്ഞാനികളായ സ്ത്രീകളുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള വലിയ പാരമ്പര്യമുള്ള മതമാണ് ഇസ്ലാം. ഒരിക്കലും സ്ത്രീകളെ അവഗണിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നീതിയിലും ന്യായത്തിലും തുല്യ നീതി നൽകണം. സ്ത്രീയും പുരുഷനും സമന്മാരാണെന്ന് പറയുന്നത് ശരിയല്ല, അത് നമ്മൾ അംഗീകരിക്കുന്നില്ല. സ്ത്രീയും പുരുഷനും നീതിയുടെ കാര്യത്തിൽ തുല്യരാണ്. സൃഷ്ടിപ്പിലും അത് പോലെ പൊതുപ്രവർത്തന രംഗത്തും സാമൂഹ്യ മേഖലയിലും പുരുഷനെ പോലെയാകാൻ സ്ത്രീക്ക് കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തുല്യതയുടെ കാര്യം ശരിക്കും തിരിച്ചു ചോദിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബസിൽ കയറിയാൽ അവർക്ക് പ്രത്യേക സീറ്റ്, കെഎസ്ആർടിസി ബസിൽ വനിത കണ്ടക്ടറാണെങ്കിൽ ആ സീറ്റിൽ പുരുഷനിരിക്കാൻ പാടില്ല, ട്രെയിനിൽ പ്രത്യേക ബോഗി ഇതൊക്കെ സ്ത്രീകൾക്കൊരു പരിഗണനയാണ്. അവർ പരിഗണന അർഹിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. തുല്യത നേരത്തെ എല്ലാ കാര്യത്തിലും ഉണ്ടായിരുന്നെങ്കിൽ ഈ പരിഗണനയുടെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു
Discussion about this post