കൊല്ലം; എംഎൽഎയും നടനുമായ മുകേഷിന് സിപിഎം പരിപാടികളിൽ അനൗദ്യോഗിക വിലക്കെന്ന് വിവരം. പൊതുപരിപാടികളിൽ എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് പങ്കെടുക്കാമെങ്കിലും പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുകയോ പോസ്റ്ററുകളിൽ ചിത്രം ഉൾപ്പെടുത്തുകയോ വേണ്ടെന്നാണ് ധാരണയിലെത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെയാണ് ഇത്തരമൊരു ജാഗ്രത.
കഴിഞ്ഞ ദിവസം മുകേഷിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ താരത്തിനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും താര സംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് മോഹിപ്പിച്ചും കൊച്ചി മരടിലെ വില്ലയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എം മുകേഷ് എംഎൽഎയ്ക്ക് എതിരായ കുറ്റപത്രത്തിലെ ആരോപണം.
നടിയുടെ രഹസ്യമൊഴിയിലെ വിശദാംശങ്ങൾ ശരിവയ്ക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കമുളളവ പോലീസ് കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. നടിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ, ഇ മെയിൽ സന്ദേശങ്ങൾ എന്നിവയെല്ലാം ആരോപണം ശരിവയ്ക്കുന്നതാണെന്ന് കുറ്റപത്രത്തിൽ എസ്‌ഐടി ചൂണ്ടിക്കാണിക്കുന്നു.
Discussion about this post