കൊച്ചി: ഒരു യാത്ര പോകുമ്പോൾ ചിലപ്പോൾ തിരക്കിനിടെ എന്തെങ്കിലും മറന്ന് പോകുന്നത് സർവ്വസാധാരണമാണ്. ബാഗുകൾ,പേ്‌ഴ്‌സുകൾ,കുടകൾ എന്നിങ്ങനെ പലതും മറന്നുപോകാം. ഇപ്പോഴിതാ കൊച്ചി മെട്രോയിൽ യാത്രക്കാർ മറന്നുവച്ച സാധനങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. വിവിധ സ്റ്റേഷനുകളിൽ നിന്നും ട്രെയിനുകളിൽ നിന്നുമായി 1565 സാധനങ്ങളാണ് ഉടമസ്ഥരില്ലാതെ കണ്ടെടുത്തിട്ടുള്ളതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.
കുടകൾ, ആഭരണങ്ങൾ, പണം, ഹെൽമെറ്റ്, വാച്ചുകൾ ബാഗുകൾ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. ഏറ്റവും കൂടുതലായി ലഭിച്ചത് കുടകളാണ്. 766 എണ്ണം. രണ്ടാമതായി അഭരണങ്ങളാണ് (124). ഹെൽമെറ്റ് (103), ഇലക്ട്രോണിക് സാധനങ്ങൾ (70), വാച്ച് (61), ബാഗ് (54) എന്നിങ്ങനെ പോകുന്നു സാധനങ്ങൾ. ഇങ്ങനെ ലഭിച്ച സാധനങ്ങളിൽ 123 എണ്ണം ഉടമകൾക്ക് തിരിച്ചുനൽകി. 1442 എണ്ണം ഉടമകൾ ആരും വരാത്തതിനെ തുടർന്ന് കെഎംആർഎല്ലിന്റെ കൈവശമുണ്ട്.
ലഭിച്ച 766 കുടകളിൽ 30 എണ്ണം ഉടമകൾക്ക് തിരിച്ചുനൽകി. 94 ഹെൽമെറ്റുകൾ, 113 സ്വർണം- വെള്ളി ആഭരണങ്ങൾ, 63 ഇലക്ട്രോണിക് ഉപകരണങ്ങൾ, 60 കണ്ണടകൾ, 57 വാച്ചുകൾ എന്നിവ ഈ സെല്ലിന്റെ കൈവശമുണ്ട്. മറന്നുവച്ച പണവും യാത്രക്കാർക്ക് തിരിച്ചുനൽകിയിട്ടുണ്ട്. ഏഴ് യാത്രക്കാർക്ക് 12,250 രൂപയാണ് ഇതുവരെ മടക്കി നൽകിയത്. 71,757 രൂപ ഇപ്പോഴും അവകാശികളില്ലാതെ സെല്ലിൽ സൂക്ഷിച്ചിട്ടുണ്ട്. ലഭിച്ച 17 മൊബൈൽ ഫോണിൽ നിന്ന് 10 എണ്ണം ഉടമകൾക്ക് തിരിച്ചുനൽകിയിട്ടുണ്ട്.
അതേസമയം യാത്രക്കാർക്ക് മെട്രോയിൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുന്നതിന് ലോസ്റ്റ് ആൻഡ് ഫൗണ്ട് സെൽ പ്രവർത്തിക്കുന്നുണ്ട്. ലഭിച്ച സാധനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം ഈ സെല്ലിന്റെ ഡാറ്റബേസിലേക്ക് മാറ്റും. ഇവ പിന്നീട് പൊതുജനങ്ങൾക്കായി കെഎംആർഎല്ലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
Discussion about this post