തൃശൂര്‍: ചക്കയ്ക്കിത് നല്ല കാലമാണ്. നാട്ടിന്‍പുറങ്ങളിലും മലയോര മേഖലയിലും നല്ല രീതിയില്‍ തന്നെ
ചക്ക കായ്ച്ചു തുടങ്ങിയതോടെ വിപണി സജീവമായി കഴിഞ്ഞു. മൂപ്പ് എത്താത്ത ചക്കയ്ക്കാണ് ഏറ്റവും കൂടുതല്‍ കച്ചവടക്കാര്‍ നാട്ടിന്‍പുറങ്ങളില്‍ എത്തുന്നത്.
രണ്ട് കിലോയോളം വലിപ്പം വരുന്ന ഇടിച്ചക്ക 20 രൂപ മുതല്‍ വിലയില്‍ ആണ് കച്ചവടക്കാര്‍ വാങ്ങുന്നത്. വലിപ്പം കൂടുന്നതിന് അനുസരിച്ച് വിലയിലും നല്ല മാറ്റം വരുത്തുന്നുണ്ട്. കച്ചവടക്കാര്‍ തന്നെ പ്ലാവിൽ കയറി വെട്ടിയിറക്കി വില പറയുന്നത് കൊണ്ട് തന്നെ ഉടമകള്‍ക്ക് പ്രത്യേക അധ്വാനമോ കരുതലോ ഇല്ലാതെ കാര്യം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, വ്യാപാരികള്‍ പറയുന്ന വിലക്ക് ചക്ക നല്‍കുകയാണ് പല ഉടമകളും ചെയ്യുന്നത്.
വന്യമൃഗങ്ങളുടെ ശല്യം ഒരു പരിധി വരെ ഒഴിവാക്കാന്‍ പച്ചച്ചക്ക പറിക്കുന്നത് ഗുണം ചെയ്യുമെന്ന് വന മേഖലയിലെ കര്‍ഷകര്‍ പറയുന്നു.
കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്ന് മൂന്നും നാലും ലോഡാണ് തമിഴ്‌നാട്ടിലേക്കും ഉത്തരേന്ത്യയിലേക്കും ഉള്‍പ്പെടെ കയറ്റി അയക്കുന്നത്. പഴുക്കാത്ത പച്ച ചക്ക പൊടിച്ച് ഉണക്കപ്പൊടിയായും ചില ഭക്ഷ്യ പദാര്‍ത്ഥങ്ങളിലെ കൂട്ടായും ഉപയോഗിക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ ബണ്ടുരുട്ടി മേഖലയില്‍ ചക്ക പ്ലാന്റേഷനുകള്‍ ഉണ്ടെങ്കിലും വിളവെടുപ്പിന് കാലതാമസമെടുക്കും. അതാണ് കേരളത്തിലെ ചക്കയ്ക്ക് ആവശ്യം വര്‍ദ്ധിക്കാന്‍ കാരണം.
Discussion about this post