ചന്ദ്രന്റെ ദഷിണ ധ്രുവത്തിനടുത്ത് നടന്ന ഛിന്നഗ്രഹത്തിന്റെ കൂട്ടയിടി പത്ത് മിനിറ്റിനുള്ളിൽ സൃഷ്ടിച്ചത് രണ്ട് കൂറ്റൻ ഗർത്തങ്ങളെന്ന് പഠനം. അമേരിക്കയിലെയും ബ്രിട്ടനിലെയും ശാസ്ത്രജ്ഞരാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. അരിസോണയിലെ ഗ്രാൻഡ് കന്യോണിന്റെ വലിപ്പമുള്ള ഗർത്തങ്ങളാണ് സൃഷ്ടിച്ചതെന്നാണ് പഠനം പറയുന്നത്. നാച്വർ കമ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതുവരെ സ്പർശിക്കാൻ പോലും കഴിയാത്തതും ഭൂമിയോട് അഭിമുഖമായതുമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ബഹിരാകാശ യാത്രികരെ ഇറക്കാൻ പദ്ധതിയിടുന്ന ശാസ്ത്രജ്ഞർക്കും നാസയ്ക്കും ഇതൊരു സന്തോഷ വാർത്തയാണ്. ചിന്ദ്രന്റെ ഈ ഭാഗത്ത് പാറകൾ അതിന്റെ ഏറ്റവും പഴയ അവസ്ഥയിൽ തന്നെ നിലനിൽക്കുന്നുവെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
ഛിന്നഗ്രഹത്തിന്റെ കൂട്ടിയിടിയിലുണ്ടായ അവശിഷ്ടങ്ങൾ, മണിക്കൂറിൽ 2,200 മൈൽ(3600 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ചതായി ഗവേഷകർ കണ്ടെത്തി. ഗർത്തങ്ങളിലൊന്നായ ‘വാലിസ് ഷ്രോഡിംഗർ’ ഏകദേശം 270 കിലോമീറ്റർ നീളവും 2.7 കിലോമീറ്റർ ആഴവുമുള്ളതാണ്. ചന്ദ്രനിൽ ഇടിച്ച ഈ ഛിന്നഗ്രഹത്തിന് ഏകദേശം 25 കിലോമീറ്റർ വ്യാസമുണ്ടായിരുന്നെന്നാണ് കണക്കാക്കുന്നത്.
നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ഡാറ്റയും ചിത്രങ്ങളും ഉപയോഗിച്ചാണ് ഗവേഷകർ ചന്ദ്രന്റെ ഈ ഭാഗം മാപ്പ് ചെയ്യുകയും ഗർത്തം രൂപപ്പെട്ടിട്ടുള്ള ഭാഗം ട്രാക്ക് ചെയ്യുകയും ചെയ്തത്. ചന്ദ്രന്റെ മറുവശത്തുള്ള ‘ഷ്രോഡിംഗർ ഇംപാക്ട് ബേസിനിൽ’ സ്ഥിതി ചെയ്യുന്ന ഈ ഗർത്തങ്ങൾ ഏകദേശം 3.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതായിരിക്കാമെന്നാണ് പഠനം പറയുന്നത്. ഈ സമയത്ത് ഒരു ഛിന്നഗ്രഹമോ വാൽനക്ഷത്രമോ ചന്ദ്രോപരിതലത്തിൽ ഇടിച്ചപ്പോൾ വായുവിലേക്ക് വിക്ഷേപിക്കപ്പെട്ട അവശിഷ്ടങ്ങൾ കൊണ്ട് പത്ത് മിനിറ്റിനുള്ളിൽ രൂപപ്പെട്ടതാണ് ഈ ഗർത്തങ്ങൾ എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഈ കൂട്ടിയിടി ‘ഇപ്പോഴത്തെ ആഗോള ആണവായുധ ശേഖരത്തിന്റെ 130 മടങ്ങ് ഊർജ്ജമാണ് പുറത്തുവിട്ടതെന്ന് ഹ്യൂസ്റ്റണിലെ യൂണിവേഴ്‌സിറ്റി സ്‌പേസ് റിസർച്ച് അസോസിയേഷന്റെ ലൂണാർ ആൻഡ് പ്ലാനറ്ററി ഇൻസ്റ്റിറ്റ്യൂട്ടിലെ ജിയോളജിസ്റ്റും പഠനത്തിന്റെ മുഖ്യ രചയിതാവുമായ ഡേവിഡ് ക്രിംഗ് പറയുന്നു.
Discussion about this post