പ്രണയദിനം ഇങ്ങെത്താറായി, മുഖമൊക്കെ ഒന്ന് മിനുക്കി സുന്ദരികളും സുന്ദരന്മാരും ആവണ്ടേ? ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക മുഖക്കുരുവും ചർമ്മത്തിലെ പ്രശ്നങ്ങളും ആണോ? എങ്കിൽ ഒരു പേടിയും വേണ്ട വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കാം. പലപ്പോഴും മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണശീലങ്ങളും കാരണമാണ് മുഖത്തിന് പല ചർമ്മ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നത് . സാധാരണയായി ഏതെങ്കിലും ചടങ്ങ് വരുമ്പോഴോ അല്ലെങ്കിൽ ഒരു പ്രത്യേക ദിവസം വരാൻ പോകുമ്പോഴോ ആണ് നമ്മൾ ഈ പ്രശ്നങ്ങളെ കുറിച്ച് ഓർത്ത് ആശങ്കപ്പെടാറുള്ളത്. ശരീരത്തിലെ ഹോർമോണുകളുടെ അളവ് തകരാറിലാകുമ്പോൾ, ഈ പ്രശ്നം വർദ്ധിക്കാൻ തുടങ്ങും. കാലാവസ്ഥയിലെ മാറ്റങ്ങൾ, ജങ്ക് ഫുഡ് അല്ലെങ്കിൽ എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് എന്നിവയും മുഖക്കുരുവിന് കാരണമാകും. എന്നാൽ ഇതിനെല്ലാം പെട്ടെന്ന് ലഭിക്കുന്ന ഫലമാണ് നമുക്ക് എല്ലാവർക്കും വേണ്ടത്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
പെട്ടെന്ന് ഒരു ഫംഗ്ഷനോ സെലിബ്രേഷനോ വന്നാൽ മുഖത്തെ ഈ ചർമ്മപ്രശ്നങ്ങൾക്ക് ഏറ്റവും വേഗത്തിൽ ആശ്വാസം ലഭിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടിക്കൈകൾ ഉണ്ട്. അങ്ങനെ എളുപ്പത്തിൽ ഫലം ലഭിക്കുന്ന ചില വഴികൾ നോക്കാം. മുഖക്കുരു എളുപ്പത്തിൽ മാറ്റാനുള്ള ഒന്നാമത്തെ പൊടിക്കൈ ചെയ്യാൻ കഴിയുന്നത് ഗ്രാമ്പൂ കൊണ്ടുള്ള ഒരു ചികിത്സയാണ്. നമ്മുടെ എല്ലാം വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് ഗ്രാമ്പൂ. ആരോഗ്യസംബന്ധമായ ഗുണങ്ങൾ കൂടാതെ ചർമ്മ പ്രശ്നങ്ങൾക്കും ഗ്രാമ്പൂ ഒരു പ്രതിവിധിയാണ്. മുഖത്ത് എത്രത്തോളം കുരുക്കൾ ഉണ്ട് എന്നതിനനുസരിച്ച് ആവശ്യത്തിന് ഗ്രാമ്പൂ എടുക്കുക. ഇത് നന്നായി പൊടിച്ച് തരിയില്ലാത്ത പൊടിയാക്കി എടുക്കണം. തുടർന്ന് ഈ ഗ്രാമ്പൂ പൊടി ചെറു ചൂടുള്ള വെള്ളത്തിൽ കലർത്തി ഒരു പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ് മുഖക്കുരു ഉള്ള സ്ഥലങ്ങളിൽ തേച്ചുപിടിപ്പിക്കുക. ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം രാത്രിയിൽ വേണം ഇത് ചെയ്യാൻ. കഴിയുന്നതും രാത്രി മുഴുവൻ ഈ പേസ്റ്റ് മുഖത്ത് സൂക്ഷിക്കാൻ ശ്രമിക്കുക. തുടർന്ന് രാവിലെ കഴുകി കളയുമ്പോൾ മികച്ച ഫലമായിരിക്കും ലഭിക്കുക. എന്നാൽ എല്ലാ ചർമ്മത്തിനും ഇത് അനുയോജ്യം അല്ലാത്തതിനാൽ ആദ്യം കുറച്ചു മാത്രം പുരട്ടി അല്പസമയം ഇരുന്നതിനു ശേഷം അലർജിക് റിയാക്ഷൻ ഒന്നുമില്ല എന്ന് ഉറപ്പുവരുത്തി വേണം കൂടുതൽ ഭാഗങ്ങളിൽ ഗ്രാമ്പൂ പേസ്റ്റ് പുരട്ടാൻ.
രണ്ടാമത്തെ പോംവഴിയായി അല്പം ബേക്കിംഗ് പൗഡറും റോസ് വാട്ടറും ചേർത്ത് ഒരു ലേപനം തയ്യാറാക്കാവുന്നതാണ്. ഇതിനായി ആദ്യം തന്നെ രണ്ട് നുള്ള് ബേക്കിംഗ് സോഡ, ഒരു തുള്ളി നാരങ്ങാനീര്, അല്പം റോസ് വാട്ടർ എന്നിവ ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. അതിനുശേഷം തയ്യാറാക്കിയ പേസ്റ്റ് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. പേസ്റ്റ് ഉണങ്ങിക്കഴിഞ്ഞാൽ ശുദ്ധജലം ഉപയോഗിച്ച് വൃത്തിയാക്കുക. ഈ പേസ്റ്റ് രാത്രിയിൽ മുഖക്കുരുവിൽ പുരട്ടാം. സെൻസിറ്റീവ് ചർമ്മമുള്ളവർ ഇത് പുരട്ടി കുറച്ചു സമയം വെച്ചതിനുശേഷം അധികം വൈകാതെ മുഖം കഴുകി വൃത്തിയാക്കേണ്ടതാണ്.
മുഖക്കുരു പെട്ടെന്ന് മാറ്റുന്നതിനുള്ള മറ്റൊരു എളുപ്പ വഴിക്കായി ഉപയോഗിക്കുന്നത് ജാതിക്ക ആണ്. ജാതിക്ക പൊതുവേ ചൂട് നൽകുന്ന ഔഷധമായാണ് അറിയപ്പെടുന്നത്. ഇത് മുഖക്കുരുവിൽ അടിഞ്ഞുകൂടിയ പഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. മുഖക്കുരുവിന് എളുപ്പത്തിൽ ശമനം ലഭിക്കാൻ അല്പം ജാതിക്ക പൊടി എടുത്ത് അതിൽ കറ്റാർ വാഴ ജെൽ കലർത്തി മിശ്രിതം ആക്കിയ ശേഷം മുഖക്കുരുവിന് മുകളിൽ പുരട്ടുക. കുറച്ചു നേരം അങ്ങനെ വച്ചതിനു ശേഷം മുഖം കഴുകുക. മുഖക്കുരുവിന് ഉള്ളിലെ പഴുപ്പ് എല്ലാം നീങ്ങി വൃത്തിയാകാൻ ഇതുവഴി കഴിയുന്നതാണ്. അപ്പോൾ പ്രണയദിനത്തിനു മുൻപായി തന്നെ ചർമം മികച്ചതാക്കാൻ നിങ്ങൾക്ക് അനുയോജ്യമായ വഴി പരീക്ഷിച്ചോളൂ.
Discussion about this post