ന്യൂഡല്‍ഹി; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ തലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 27 വർഷത്തിന് ശേഷം ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസംഗത്തിനിടെ, ഇന്‍ഡി സഖ്യത്തിനെയും സഖ്യത്തിന്റെ ഭാഗമായ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ഉൾപ്പോരിനെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു
ഡൽഹിയിൽ കോൺഗ്രസിനെതിരെ ഇന്‍ഡി സഖ്യം മത്സരരംഗത്തേക്ക് ഇറങ്ങി. കോൺഗ്രസിനെ പരാജയപ്പെടുത്താൻ അവർക്ക് കഴിയുകയും ചെയ്തു. എന്നാല്‍, ആം ആദ്മി പാർട്ടിയെ വിജയിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല’- പ്രധാനമന്ത്രി പരിഹസിച്ചു.
ബിജെപിയെ പരാജയപ്പെടുത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒന്നിച്ച പ്രതിപക്ഷ സഖ്യത്തിലെ പ്രകടമായ വിള്ളലിനെക്കുറിച്ച് പ്രധാനമന്ത്രി വ്യക്തമായി പരാമർശിച്ചു.
പൊതുതെരഞ്ഞെടുപ്പിൽ ഇന്‍ഡി സഖ്യം ഐക്യമുന്നണി കാണിച്ചെങ്കിലും, താമസിയാതെ ഉൾപ്പോര് ഉയർന്നുവന്നു, വിള്ളലും പ്രകടമായി. ഹരിയാനയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വെവ്വേറെ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ദേശീയതലത്തിൽ സഖ്യകക്ഷികളായ പാർട്ടികൾ ഡൽഹിയിലും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.
സഖ്യകക്ഷികളെ ദ്രോഹിക്കുന്ന ഒരു പരാദമെന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി രാജ്യം കോൺഗ്രസിനെ വിശ്വസിക്കാൻ തയ്യാറല്ലെന്നും പറഞ്ഞു.
ഇന്ന് ജനങ്ങൾ കോൺഗ്രസിന് ശക്തമായ ഒരു സന്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ കോൺഗ്രസ് ഇരട്ട ഹാട്രിക് പൂജ്യം നേടി. രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി രാജ്യ തലസ്ഥാനത്ത് തുടർച്ചയായി ആറ് തവണ അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു. അവർ സ്വയം പരാജയത്തിന്റെ സ്വർണ്ണ മെഡൽ സമ്മാനിക്കുകയാണ്. രാജ്യം കോൺഗ്രസിനെ വിശ്വസിക്കാൻ തയ്യാറല്ല. അത് സ്വയം മുങ്ങുകയും സഖ്യകക്ഷികളെ ദ്രോഹിക്കുകയും ചെയ്യുന്നു.
കോൺഗ്രസ് സഖ്യകക്ഷികളുടെ ഇടയില്‍ കയറി അവരുടെ വോട്ട് ബാങ്കുകൾ കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയാണ്.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെയും തമിഴ്‌നാട്ടിൽ ഡിഎംകെയുടെയും ബീഹാറിൽ ആർജെഡിയുടെയും വിഷയങ്ങൾ കോൺഗ്രസ് മോഷ്ടിച്ചു. 2014 ന് ശേഷം, ക്ഷേത്രങ്ങളിൽ ചുറ്റിക്കറങ്ങി ബിജെപിയുടെ വോട്ട് ബാങ്ക് സ്വന്തമാക്കാൻ ശ്രമിച്ചു. എന്നാൽ അവരുടെ പദ്ധതികൾ വിജയിക്കില്ലെന്ന് മനസ്സിലാക്കിയപ്പോൾ അവർ അതും നിർത്തിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, ഡല്‍ഹിയിലെ വിജയത്തിന് മോദി ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു. മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ചതിൽ ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഡൽഹിയിലേത് ഐതിഹാസിക ജയമാണ്. ഡൽഹിയുടെ സ്‌നേഹത്തിന് ഒരുപാട് നന്ദി എന്ന മോദി പറഞ്ഞു. ഡൽഹിയുടെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആഡംബരം അഹങ്കാരം അരാജകത്വം എന്നിവ പരാജയപ്പെട്ടു. ഷോർട്ട് കട്ട് രാഷട്രീയക്കാരെ ജനങ്ങൾ ഷോർട്ട് സർക്യൂട്ട് ചെയ്‌തെന്ന് മോദി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഡൽഹി ഞങ്ങൾക്ക് പൂർണ്ണഹൃദയത്തോടെ സ്‌നേഹം നൽകി. വികസനത്തിന്റെ രൂപത്തിൽ ഇരട്ടി സ്‌നേഹം ഞങ്ങൾ നിങ്ങൾക്ക് തിരികെ നൽകുമെന്ന് ഞാൻ വീണ്ടും ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്ന് മോദി കൂട്ടിച്ചേർത്തു .
Discussion about this post