കോട്ടയം: വേനൽ ആരംഭിക്കാൻ നാളുകൾ ബാക്കി നിൽക്കേ ശക്തമായ ചൂടിൽ വെന്തുരുകയാണ് കേരളം. ഇപ്പോൾ തന്നെ അന്തരീക്ഷ താപനില 35 ന് മുകളിലാണ് പല സ്ഥലങ്ങളിലും രേഖപ്പെടുത്തുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കുറി സംസ്ഥാനത്ത് ചൂട് കൂടും എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ വർഷം പല പ്രദേശങ്ങളിലും താപനില 40 ന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഇക്കുറി ഇതിലും കൂടാനാണ് സാദ്ധ്യത.
വേനലിനെ മറികടക്കാൻ തുലാമഴയിൽ ആയിരുന്നു പ്രതീക്ഷ. എന്നാൽ കാര്യമായ തുലാ മഴ ഇക്കുറി ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ വർഷം ആരംഭിച്ചപ്പോൾ മുതൽ വെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. പലയിടങ്ങളിലും ജലസ്രോതസ്സുകളിലെ ജല നിരപ്പ് അപകടകരമാം വിധം താഴുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ പോലും ഇതാണ് അവസ്ഥ.
ചൂട് കോട്ടയം ജില്ലയെ ആണ് സാരമായി ബാധിച്ചിട്ടുള്ളത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കോട്ടയത്ത് ചൂട് വളരെ കൂടുതലാണ്. കൊടൂർ, മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് നാൾക്കുനാൾ ഗണ്യമായ രീതിയിൽ കുറയുകയാണ്. ഇവയെ ആശ്രയിച്ചുള്ള കുടിവെള്ള ബദ്ധതികളും ഇതേ തുടർന്ന് പ്രതിസന്ധി നേരിടുന്നുണ്ട്.
കോട്ടയം, ഏറ്റുമാനൂർ, പാല, ഈരാറ്റുപേട്ട തുടങ്ങിയ നഗരസഭകളിലും 42 പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കുന്നത് മീനച്ചിലാറിൽ നിന്നാണ്. ചൂട് ഈ നിലയിലാണെങ്കിൽ മാർച്ച് പകുതി ആകുമ്പോഴേയ്ക്കും ഇവിടെ കുടിവെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാകും. ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഇപ്പോൾ തന്നെ വലിയ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്.
കുടിവെള്ള ക്ഷാമത്തിനൊപ്പം ജലസ്രാതസ്സുകളിൽ ഉപ്പുവെള്ളം കലരുന്നത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നുണ്ട്. തണ്ണീർമുക്കം ബണ്ട് അടച്ചതോടെയാണ് ഈ അവസ്ഥ ഉണ്ടായത്. വൈക്കം, തലയോലപ്പറമ്പ് എന്നീ പ്രദേശത്ത് മൂവാറ്റുപുഴയുടെ തീരത്ത് താമസിക്കുന്നവരാണ് വലിയ ബുദ്ധിമുട്ട് നേരിടുന്നത്. ഉപ്പുവെള്ളം കയറുന്നത് കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്.
അതേസമയം വേനൽ ചൂടിൽ ജനങ്ങൾ കുടിവെള്ള ക്ഷാമം നേരിടുമ്പോൾ നേട്ടമുണ്ടാക്കുന്നകത് ടാങ്കർ ലോറികളിൽ വെള്ളം വിൽക്കുന്നവർക്ക് ആണ്. ചൂട് ആരംഭിച്ചപ്പോൾ തന്നെ സംസ്ഥാന വ്യാപകമായി വെള്ളം വിൽക്കുന്ന സംഘം സജീവം ആയിട്ടുണ്ട്. അന്യായ വിലയ്ക്ക് വെള്ളം നൽകി വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ് ഇവർ ലക്ഷ്യമിടുന്നത്.
ആയിരം ലിറ്റർ വെള്ളത്തിന് 2000 രൂപയ്ക്ക് മുകളിലാണ് ഈ സംഘങ്ങൾ ഈടാക്കുന്നതെന്നാണ് വിവരം.
എന്നാൽ യാതൊരുവിധ ഗുണനിലവാര പരിശോധനയും നടത്താതെയാണ് ഇത്തരം സംഘങ്ങൾ വെള്ളം വിൽക്കുന്നത്. ഭൂരിഭാഗം ആളുകൾക്കും ലൈസൻസും ഇല്ല. എവിടെ നിന്നാണ് ഇവർ വെള്ളം ശേഖരിക്കുന്നത് എന്നോ ഉപയോഗിക്കാൻ അനുയോജ്യമായ വെള്ളമാണോ ഇത് എന്നോ കണ്ടെത്തുന്നതിനുള്ള സംവിധാനവും ഇല്ല.
Discussion about this post