ഡൽഹി ഡബിൾ എഞ്ചിൻ സർക്കാരിന് വഴിമാറി കൊടുത്തിരിക്കുകയാണ്. 27 വർഷത്തിന് ശേഷം കൈനിറയെ സീറ്റുകളുമായി ഇന്ദ്രപ്രസ്ഥത്തിലെ ഭരണചക്രം തിരിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ബിജെപിയ്ക്കും ജനങ്ങൾക്കും പ്രതീക്ഷകളേറെയാണ്. വെറും 2 പതിറ്റാണ്ടിന്റെ മാത്രം പാരമ്പര്യം അവകാശപ്പെടാനുള്ള ആംആദ്മിയെ തൂത്തെറിഞ്ഞതും മുത്തശ്ശിപാർട്ടിയായ കോൺഗ്രസിനെ വട്ടപൂജ്യത്തിൽ നിലനിർത്തിയതുമെല്ലാം ബിജെപി പാളയത്തിൽ വലിയ ആശ്വാസത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ വോട്ട് വിഹിതം കൂടിയതും ജനങ്ങൾ ഒപ്പമുണ്ടെന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചു. സ്ത്രീവട്ടർമാർ ജനവിധി എഴുതിയ തിരഞ്ഞെടുപ്പിൽ ജനം മോദി ഗ്യാരണ്ടിക്കൊപ്പം നിലനിന്നു.
കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളും ഇഴയുന്ന വികസനം മാത്രമുള്ള രാജ്യതലസ്ഥാനത്തിന് ഡബിൾ സ്പീഡ് വേണമെന്ന ജനങ്ങളുടെ തിരിച്ചറിവുമാണ് ഡൽഹിയിലെ ഈ മിന്നും വിജയം. യു.പി.യിൽനിന്നും ബിഹാറിൽനിന്നുമൊക്കെ കുടിയേറിയ പൂർവാഞ്ചൽ വിഭാഗക്കാരാണ് ഡൽഹിയിലെ വോട്ടർമാരിൽ 30 ശതമാനത്തോളം. പല മണ്ഡലങ്ങളിലായി ചിതറിക്കിടക്കുന്ന ഈ വോട്ടർമാർ ചൂല് വലിച്ചെറിഞ്ഞ് താമരചൂടി. ബിഹാറിൽനിന്നുള്ള ജെ.ഡി.യു.വും എൽ.ജെ.പി.യും (രാംവിലാസ്) പോലും ഡൽഹി തിരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കിയില്ല. കൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തോളോടുതോൾ ചേർന്ന് വോട്ടുചോദിച്ചവർ പരസ്പരം പോരടിച്ച് ചെളിവാരിയെറിഞ്ഞതോടെ ബിജെപിയ്ക്ക് സാഹചര്യങ്ങൾ കൂടുതൽ ്‌നുകൂലമായി. ഇടയ്ക്ക് പൂർവാഞ്ചലുകാരുടെ വിശ്വാസവുമായി ബന്ധപ്പെടുകിടക്കുന്ന യമുനാനദിയിൽ ഹരിയാനയിലെ ബി.ജെ.പി. സർക്കാർ വിഷംകലർത്തുന്നുവെന്ന രാഷ്ട്രീയാരോപണമുയർത്തി കെജ്രിവാൾ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അത് പൂർവ്വാധികം ശക്തിയോടെ തിരിച്ചുകിട്ടി.
ഡൽഹിയിലെ വമ്പൻ ജയത്തോടെ ലക്ഷ്യം കണ്ടെന്ന് കരുതി വിശ്രമിക്കാൻ തയ്യാറെടുക്കുകയല്ല ബിജെപി പ്രവർത്തകർ. ഇനി ലക്ഷ്യം ബിഹാറാണ്. ഈ വർഷം അവസാനത്തോടെ ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 243 അംഗ നിയമസഭയിൽ 225 സീറ്റുകൾ നേടുകയെന്നതാണ് ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യം. ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഇത് നിഷ്പ്രയാസം നേടിയെടുക്കാമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള എൻഡിഎ മുന്നണി നേതാക്കളുടെ വിലയിരുത്തൽ. സംസ്ഥാനത്ത് എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരുമെന്ന് മുതിർന്ന ബി.ജെ.പി എം.എൽ.എയും മുൻ ഉപമുഖ്യമന്ത്രിയുമായ തർകിഷോർ പ്രസാദ് പറയുന്നു. ഡൽഹി ഒരു നോട്ടം മാത്രമാണെന്നും ബിഹാർ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നും എൻഡിഎയുടെ പ്രധാന സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും കേന്ദ്രമന്ത്രിയുമായ ജിതിൻ റാം മാഞ്ചിയും വ്യക്തമാക്കുന്നു. പ്രതിപക്ഷ സഖ്യത്തിൽ നിന്ന് മോദിക്കൊപ്പം ചേർന്ന മുഖ്യമന്ത്രി നിതീഷ് കുമാറും ജെ.ഡി.യുവും ബി.ജെ.പിക്കൊപ്പം ചേരുകയും ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റുകളിൽ 30ലും വിജയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് അനുകൂലഘടകങ്ങളാവുമെന്നാണ് പ്രതീക്ഷ.
Discussion about this post