തിരുവനന്തപുരം; വേട്ടയാടൽ തനിക്കിപ്പോൾ ഒരു വിനോദമായെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുതിർന്ന നേതാവുമായ ഇപി ജയരാജൻ. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽക്കു തന്നെ ശാരീരികവും മാനസികവുമായ വേട്ടയാടൽ നേരിട്ട ആളാണ് താനെന്നും വേട്ടയാടപ്പെടൽ തനിക്കിപ്പോൾ വിനോദമായെന്നും അദ്ദേഹം പറഞ്ഞു.മാങ്ങയുള്ള മാവിലെ കല്ലെറിയുകയുള്ളൂവെന്നും ഇക്കാലമത്രയും പതറിയിട്ടില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.വർഷങ്ങൾക്കു മുമ്പ് താൻ പ്രസംഗിച്ച വാക്കുകൾ എടുത്ത് ഉപയോഗിച്ചാണ് ഇപ്പോഴും വിവാദമുണ്ടാക്കുന്നത്. ഇതിന്റെയൊക്കെ ലക്ഷ്യം എന്താണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ അതിലൊന്നും തളരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എഴുതി പൂർത്തിയാക്കാത്ത ഒരു പുസ്തകത്തെക്കുറിച്ചാണ് തെറ്റായ തരത്തിൽ വാർത്ത വന്നത്. പാലക്കാട്ട് മത്സരിക്കുന്ന സ്ഥാനാർത്ഥിക്കെതിരേ പുസ്തകത്തിൽ പറഞ്ഞു എന്ന് വരെ പ്രചരിച്ചു. യഥാർത്ഥത്തിൽ പാലക്കാട്ടെ സ്ഥാനാർത്ഥിയെ തനിക്ക് ഒരു പരിചയമുണ്ടായിരുന്നില്ല. കണ്ടിട്ട് പോലുമുണ്ടായിരുന്നില്ല. ഡി.സി ബുക്സ് ചെയ്തത് കൊടും ചതിയും വഞ്ചനയുമായിരുന്നു അത്. സംഘടനാ തിരഞ്ഞെടുപ്പിന്റെ തിരക്ക് കഴിഞ്ഞ് വിഷുവിനോട് അടുപ്പിച്ച് തന്നെ പുസ്തകം പ്രസിദ്ധീകരിക്കാനാവുമെന്നാണ് കരുതുന്നതെന്നും ഇപി കൂട്ടിച്ചേർത്തു. വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയായിരുന്നു ജാവദേക്കർ വിഷയത്തിൽ നടന്നത്. തിരഞ്ഞെടുപ്പ് ദിനത്തിൽ എനിക്കെതിരേ ഒരു വലിയ വാർത്ത സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇരുപത്തിയൊന്നാം വയസ്സിൽ മാരകമായ ശാരീരിക ആക്രമണത്തിന് ഇരയായ ആളാണ് താൻ. അതിന്റെ വേദനകൾ ഇപ്പോഴും അനുഭവിക്കുന്നുമുണ്ട്. അതിനുമുമ്പും ഒരുപാട് പോലീസ് മർദനങ്ങളെയും ഗുണ്ടാ ആക്രമണങ്ങളെയും നേരിട്ടു. അതൊക്കെ കടന്നാണ് ഇവിടെയെത്തിയതെന്നും ജയരാജൻ പറഞ്ഞു.
Discussion about this post