മനുഷ്യൻ മരിച്ചതിന് ശേഷം എന്ത് സംഭവിക്കുന്നു…? ഇന്നും കൃത്യമായി ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ഇത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള പലരും ഇത് സംബന്ധിച്ച് പല വ്യാഖ്യാനങ്ങളും നിർവചനങ്ങളും ഉയർത്താറുണെങ്കിലും ഇെതാന്നും വിശ്വാസ്യത്തിലെടുക്കാൻ ആർക്കും ആയിട്ടില്ല.
ഒരാളുടെ മരണത്തിന് തൊട്ടു മുമ്പ് അയാളുടെ ശരീരത്തിന്, അല്ലെങ്കിൽ അവയവങ്ങൾക്ക്, പ്രത്യേകിച്ച് തലച്ചോറിന് എന്തു സംഭവിക്കുന്നു…? അതുപോലെ തന്നെ ആ സമയത്ത് അയാൾ അനുഭവിക്കുന്നത് എന്താണ് ..? ഇത്തരം കാര്യങ്ങളും നൂറ്റാണ്ടുകളായി സാധാരണക്കാരെയും ശാസ്ത്രഞ്ജന്മാരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്…
ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പുതിയ പഠനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. മരണത്തിന് തൊട്ട് മുമ്പ് ആ വ്യക്തിയുടെ തലച്ചോറിന് എന്ത് സംഭവിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് തങ്ങളുടെ പഠനമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഫ്രോണ്ടിയേഴ്‌സ ഇൻ ഏജിംഗ് ന്യൂറോസയസ് ജേണലിൽ പ്രസിദ്ധീകരിച്ച ‘എൻഹാൻഡ് ഇന്റർപ്ലേ ഓഫ് ന്യൂറോണൽ കോഹെറൻസ് ആൻഡ് കപ്ലിംഗ് ഇൻ ദി ഡയിംഗ് ഹ്യൂമൻ ബ്രെയ്ൻ’ എന്ന പഠനത്തിലാണ് മരണത്തിലേക്കുള്ള ഒരു വ്യക്തിയുടെ യാത്രയെ കുറിച്ചുള്ള ഉൾകാഴ്ച്ച നൽകുന്നത്. മരണത്തിന് മുമ്പും ശേഷവും ഉണ്ടാകുന്ന തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഇതിൽ പകർത്തിയിരിക്കുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തിൽ നടന്ന സുപ്രധാന സംഭവങ്ങളെ അയാളുടെ തലച്ചോർ റികാപ്പ് ചെയ്യുന്നുണ്ടാകാം, അല്ലെങ്കിൽ, പലരും വിവരിക്കുന്നത് പോലെ, അവരുടെ ജീവിതം അവരുടെ കൺമുന്നിൽ ഒരു ഫ്‌ളാഷ് ബാക്ക് പോയെ മിന്നി മറിയുന്നുണ്ടാകാം എന്ന് ഗവേഷകർ പറയുന്നു. മരണത്തോട് അടുത്ത നിമിഷങ്ങളിൽ ജീവിതത്തിലെ പല സുപ്രധാനമായ അനുഭവങ്ങളെയും ഒരു അവസാന ഓർമപ്പെടുത്തൽ പോലെ ഓർത്തെടുക്കുന്നുണ്ടാകാമെന്ന് കെന്റക്കിയിലെ ലൂയിസ്വില്ലെ സർവകലാശാലയിലെ ഡോ. അജ്മൽ സെമ്മർ പറയുന്നു.
അപസ്മാരം ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ച 87കാരനിൽ നിന്നാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പകർത്തിയത്. രോഗിയുടെ തലയിൽ ഘടിപ്പിച്ചിരുന്ന ഒരു ഉപകരണം വഴി മരണസമയത്ത് 900 സെക്കൻഡോളം തലച്ചോറിൽ നടക്കുന്ന പ്രവർത്തനങ്ങൾ പകർത്താൻ കഴിഞ്ഞു. ഹൃദയമിടിപ്പ് നിലയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള 30 സെക്കൻഡിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർക്ക് നിരീക്ഷിക്കാൻ ഈ ഉപകരണം സഹായിച്ചു.
Discussion about this post