തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയിൽ മകൻ അച്ഛനെ വെട്ടിക്കൊന്ന കേസിൽ വെളിപ്പെടുത്തലുമായി അമ്മ. മകൻ നിരന്തരം ഉപദ്രവിക്കുമായിരുന്നു. പ്രജിന്റെ മുറിയിൽ ആരെയും കയറ്റിയിരുന്നില്ല. മകന്റെ മുറിയിൽ നിന്ന് നിരന്തരം ശബ്ദം കേൾക്കുമായിരുന്നു . മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക്ക് ആണെന്നത് ഇപ്പോഴാണ് അറിയുന്നത്. മകൻ ജയിലിൽ നിന്ന് പുറത്തുവന്നാൽ എന്നെയും കൊല്ലും അമ്മ സുഷമ പറഞ്ഞു.
ഇത് ആരോടും പറയാതിരുന്നത് മകന്റെ നല്ല ഭാവി ആലോചിച്ചിട്ടാണ് . ചൈനയിൽ എംബിബിഎസിന് പഠിക്കുകയായിരുന്ന പ്രജിൻ കോവിഡ് കാലത്ത് പഠനം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു. പിന്നീട് അഭിനയമോഹവുമായി കൊച്ചിയിലേക്ക് പോയി. അവിടെ നിന്ന് വന്നതിന് പിന്നാലെയാണ് അവന് മാറ്റങ്ങൾ വന്നുതുടങ്ങിയത്. കഴിഞ്ഞ ഏഴു വർഷത്തിലധികമായി ഭർത്താവ് ജോസും താനും മകൻ പ്രജിനെ ഭയന്നാണു ജീവിച്ചിരുന്നതെന്നായിരുന്നു സുഷമ കൂട്ടിച്ചേർത്തു. എനിക്ക് നല്ല മകനായി തിരിച്ചു വേണമെന്നും അമ്മ പറഞ്ഞു.
വെള്ളറട കിളിയൂർ ചരുവിളാകം ബംഗ്ലാവിൽ ജോസിനെയാണ് (70) ബുധനാഴ്ച രാത്രി 9.30ഓടെ മകൻ പ്രജിൻ (29) വെട്ടിക്കൊലപ്പെടുത്തിയത്. തന്നെ സ്വതന്ത്രമായി ജീവിക്കാൻ മാതാപിതാക്കൾ അനുവദിക്കുന്നില്ല എന്ന മൊഴിയോടു കൂടിയായിരുന്നു കൃത്യത്തിന് ശേഷം പ്രജിൻ ജോസ് വെള്ളറട പോലീസിൽ കീഴടങ്ങിയത് .
ഈശ്വര വിശ്വാസത്തോടും കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയും ജീവിച്ചു പോന്നിരുന്ന പ്രജിന് പ്രകടമായ മാറ്റം ആദ്യകാലങ്ങളിൽ മാതാപിതാക്കൾ ഗൗരവമായി കണ്ടില്ല. നിയന്ത്രിക്കാൻ തുടങ്ങിയപ്പോൾ അത് വീട്ടിലെ കലഹങ്ങൾക്കും കയ്യാങ്കളികൾക്കും കാരണമായി. പ്രജിൻ കൂടുതൽ സമയം ചെലവഴിക്കുന്ന വീടിന്റെ രണ്ടാമത്തെ നിലയിൽ മാതാപിതാക്കൾക്ക് പ്രവേശനമില്ലായിരുന്നു.
Discussion about this post