ഭൂമിയിൽ നൂറ്റാണ്ടുകളോളം ആയുസ്സുള്ള ചില ജീവികൾ ഉള്ളതായി നമുക്കറിയാം. എന്നാൽ അതേ സമയം തന്നെ ചില ജീവികൾ ഏതാനും മണിക്കൂറുകൾ മാത്രമാണ് ഭൂമിയിൽ ജീവിക്കുക. തലച്ചോറിന്റെയും ശരീരത്തിന്റെയും അനുപാതം, പരിസ്ഥിതി, മെറ്റബോളിസത്തിലെ മാറ്റം, മറ്റ് ഘടകങ്ങൾ എന്നിവയെല്ലാമാണ് ജീവികളുടെ ആയുസ്സ് നിർണ്ണയിക്കുന്നത്. അത്തരത്തിൽ വളരെ കുറച്ചു മണിക്കൂറുകളോ ഏതാനും ആഴ്ചകളോ മാത്രം ജീവിക്കാൻ കഴിയുന്ന നിരവധി ജീവികളും ഈ ഭൂമിയിൽ ഉണ്ട്. ആയുർദൈർഘ്യം കൊണ്ട് ഭൂമിയിൽ ഏറ്റവും കുറച്ചുകാലം മാത്രം ജീവിക്കുന്ന ജീവികൾ ഇവയാണ്.
കായീച്ച അഥവാ പഴ ഈച്ചകൾ
ഡ്രോസോഫില മെലനോഗാസ്റ്റർ എന്നറിയപ്പെടുന്ന ഈ ഈച്ചകൾ നമ്മുടെ നാട്ടിൽ കായീച്ചകൾ എന്നും പഴ ഈച്ചകൾ എന്നും അറിയപ്പെടുന്നു. പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും മുഖ്യശത്രുവാണ് ഇദ്ദേഹം. കായകളും പഴങ്ങളും പാകമാവുന്നതോടെ ഈ ഈച്ചകൾ അവയിൽ ദ്വാരം ഇടുകയും മുട്ടയിടുകയും ചെയ്യും. ഈ മുട്ടകൾ ഏതാനും സമയം കൊണ്ട് തന്നെ വിരിഞ്ഞു പുഴുവായി മാറുകയും ചെയ്യും. പച്ചക്കറികളിലും പഴങ്ങളിലും പുഴു വരുന്നതിന്റെ പ്രധാന കാരണം ഈ കായീച്ചകൾ ആണ്.
അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇവയെ കാണാൻ കഴിയും. സാധാരണ അന്തരീക്ഷത്തിൽ അവ ഏകദേശം 10 മുതൽ 14 ദിവസം വരെ മാത്രമേ ഇവ ജീവിക്കുന്നുള്ളൂ.
ഈച്ച
വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ഈച്ചകൾ അഥവാ ഹൗസ്ഫ്ലൈസ് ഏതാനും ആഴ്ചകൾ മാത്രം ആയുസ്സുള്ളവയാണ്. ഈച്ചകളുടെ പരമാവധി ആയുസ്സ് നാല് ആഴ്ച മാത്രമാണ്. ഒരു കാട്ടു ചുറ്റുപാടിൽ ജീവിക്കുന്നതിനേക്കാൾ കൂടുതൽ ആയുസ്സ് വീടുകളിൽ വസിക്കുന്ന വീട്ടീച്ചകൾക്ക് ഉണ്ട്. ആയുസ്സ് കുറവുള്ള ജീവികൾ ആണെങ്കിലും ഉയർന്ന പ്രത്യുൽപാദനം നടത്തുന്നവരാണ് ഈ ഈച്ചകൾ. അവരുടെ ചെറിയ ജീവിത ചക്രത്തിൽ, ഓരോ പെൺ ഈച്ചയും 500 മുട്ടകൾ വരെ ഇടാറുണ്ട്. ഭക്ഷണ അവശിഷ്ടങ്ങൾ , മൃതശരീരങ്ങൾ , വിസർജ്യങ്ങൾ എന്നിവയിലാണ് ഈ ഈച്ചകൾ മുട്ടയിടാറുള്ളത്.
നിശാശലഭങ്ങൾ
ശരാശരി ഒരാഴ്ചയോളം മാത്രം ആയുർ ദൈർഘ്യമുള്ള ജീവികളാണ് നിശാശലഭങ്ങൾ. ഇന്ത്യൻ മീൽ നിശാശലഭങ്ങൾ, ചന്ദ്രന്റെ ആകൃതിയിലുള്ള അടയാളങ്ങളുള്ള ലൂണ നിശാശലഭങ്ങൾ എന്നിവയാണ് ഇവയിൽ ഏറ്റവും ആയുസ്സ് കുറവുള്ളവ. കാടുകളിലും മറ്റും ധാരാളമായി കാണുന്ന ഈ നിശാശലഭങ്ങൾ ഏതാണ്ട് ഒരാഴ്ചയോളം മാത്രമാണ് ജീവിക്കാറുള്ളത്. എന്നാൽ മരണത്തിനു മുൻപായി ഓരോ നിശാശലഭങ്ങളും 400ഓളം മുട്ടകളാണ് ഇടാറുള്ളത്.
ഗ്യാസ്ട്രോട്രിക്സ്.
സമുദ്രാന്തരീക്ഷത്തിൽ വസിക്കുന്ന കടൽ സൂക്ഷ്മാണുക്കളിൽ ഒന്നാണ് ഗ്യാസ്ട്രോട്രിക്സ്. ശുദ്ധജലത്തിലും സമുദ്ര പരിതസ്ഥിതികളിലും ജീവിക്കുന്ന സൂക്ഷ്മ, സിലിണ്ടർ ആകൃതിയിലുള്ള ജീവികളായ ഇവ പരമാവധി 3 മില്ലിമീറ്റർ വരെ മാത്രം വളരുന്നവയാണ് . ഗാസ്ട്രോട്രികിന്റെ ജീവിതചക്രം വെറും മൂന്ന് ദിവസത്തേക്ക് മാത്രമുള്ളതാണ്. പ്രത്യുൽപാദനത്തിനുള്ള സ്ത്രീ-പുരുഷ അവയവങ്ങൾ ഒന്നിച്ചുള്ള ജീവികൾ കൂടിയാണ് ഗ്യാസ്ട്രോട്രികുകൾ.
മെയ്ഫ്ലൈസ്.
ഭൂമിയിലെ ഏറ്റവും ആയുസ്സ് കുറഞ്ഞ ജീവികളാണ് മെയ് ഈച്ചകൾ . അവരുടെ ജീവിതം 24 മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന ഒന്നാണ്. ഏറ്റവും കുറഞ്ഞ ആയുസ്സ് ഉള്ളതിനാൽ മെയ് ഈച്ചകൾ ‘ഏകദിന പ്രാണികൾ’ എന്നും വിളിക്കപ്പെടുന്നു . ലോകത്ത് 2500 വ്യത്യസ്ത ഇനം മെയ് ഈച്ചകളുണ്ട്. മെയ്ഫ്ലൈ കുടുംബത്തിലെ ചില അംഗങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മരിക്കുന്നവരാണ്. മെയ് ഈച്ചകൾ അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും നിംഫുകളായാണ് ചെലവഴിക്കുന്നത് . ഈ ഈച്ചകളുടെ ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം പ്രത്യുൽപാദനമാണ്.













Discussion about this post