തൃശ്ശൂർ: പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് പെൻഷനും ഇൻഷൂറൻസ് പരിരക്ഷയും വേണമെന്ന ആവശ്യവുമായി കേരള പത്രപ്രവർത്തക അസോസിയേഷൻ. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ പ്രമേയം പുറത്തിറക്കി. തൃശ്ശൂർ മോത്തിമഹൽ ഹാളിൽ നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു.
പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്കായി പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവ നടപ്പാക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ഇതിന് പുറമേ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ നേരിടണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഗോപി ചക്കുന്നത്ത് സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഷോബി കെ. പോൾ ഇരിങ്ങാലക്കുട, രഞ്ജിത്ത് ഗുരുവായൂർ, മേഖലാ പ്രസിഡന്റുമാരായ രാധാകൃഷ്ണൻ കൊരവൻകുഴി, രമേശ് പുന്നയൂർക്കുളം, അംഗങ്ങളായ ഫിലിപ്പ് മുളങ്കുന്നത്തുകാവ്, ജോൺസൺ മുളങ്കുന്നത്തുകാവ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സംസ്ഥാന – ജില്ലാ ഭാരവാഹികളെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.
സംസ്ഥാന സമിതിയുടെ പ്രത്യേക ക്ഷണിതാവായ ഗോപി ചക്കുന്നത്തിനെ വീണ്ടും ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. കൂടാതെ ജില്ലാ ജനറൽ സെക്രട്ടറിയായി രമേശ് ചേമ്പിൽ, ജില്ലാ ട്രഷറർ ആയി പ്രമോദ്. യു തൃശ്ശൂർ, വൈസ് പ്രസിഡന്റുമാരായി രഞ്ജിത്ത് ഗുരുവായൂർ, രാജീവ് മുല്ലപ്പിള്ളി, ജോയിന്റ് സെക്രട്ടറിമാരായി ഫൈസൽ ചാലക്കുടി, ഷോബി കെ. പോൾ ഇരിങ്ങാലക്കുട, ഫിലിപ്പ് അത്താണി, എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വറീത് ചിറ്റിലപ്പിള്ളിയെ സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലാ കമ്മിറ്റി നോമിനേറ്റ് ചെയ്തു.
Discussion about this post