എറണാകുളം: മലയാളത്തിലെ ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ ക്യാമറ ആംഗിളുകളെ വിമർശിച്ച് നിരവധി താരങ്ങളാണ് അടുത്തിടെ രംഗത്ത് വന്നത്. എസ്തർ, ഹണി റോസ്, മാളവിക തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. വീഡിയോയുടെ റീച്ചിന് വേണ്ടി നടിമാരുടെ വീഡിയോ ദൃശ്യങ്ങൾ മോശമായ തീരിയിൽ ചിത്രീകരിക്കുകയാണ് ഇവരുടെ രീതി. ഇതിന് ഒട്ടും അനുയോജ്യമല്ലാത്ത തരത്തിൽ തലക്കെട്ടുകളും നൽകാറുണ്ട്.
ചിലപ്പോഴെല്ലാം സെലിബ്രിറ്റികൾ പങ്കുവച്ച ദൃശ്യങ്ങളും ഇക്കൂട്ടർ ഉപയോഗിക്കാറുണ്ട്. മറ്റൊരു തരത്തിലുള്ള തലക്കെട്ട് നൽകി സ്വന്തം പേജിന് ഇവർ റീച്ച് ഉണ്ടാക്കുകയും ചെയ്യും. നിരവധി ഓൺലൈൻ മാദ്ധ്യമങ്ങളാണ് ഇതിന്റെ പേരിൽ രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ളത്. എന്നാൽ ഇത്തരം വിമർശനങ്ങൾ ഒന്നും തന്നെ ഈ പ്രവണതയിൽ നിന്നും ചില ഓൺലൈൻ മാദ്ധ്യമങ്ങളെ പിന്തിരിപ്പിച്ചിട്ടില്ല. ഇക്കൂട്ടർക്കെതിരെ താക്കീതുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി പാർവ്വതി കൃഷ്ണ.
മിനി സ്‌ക്രീനിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പാർവ്വതി കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഫോട്ടോ ഷൂട്ടുകളും താരം നടത്താറുണ്ട്. അടുത്തിടെ ഇത്തരത്തിൽ നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചില ചിത്രങ്ങൾ താരവും, ഇവരുടെ ക്യാമറ കൈകാര്യം ചെയ്യുന്ന ക്യാമറ പേഴ്‌സണും പങ്കുവയ്ക്കുകയുണ്ടായി. ഈ ചിത്രങ്ങൾ ഒരു ഓൺലൈൻ മാദ്ധ്യമം ദുരുപയോഗം ചെയ്തു. ഇതോടെയാണ് താരം താക്കീതുമായി രംഗത്ത് എത്തിയത്. ഈ മാദ്ധ്യമത്തിനും ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കും എതിരെ താരം നിയമ നടപടിയും സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ ഒരു പാട് ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്ന ആളാണ് താനെന്ന് മുഖവുരയായി പറഞ്ഞുകൊണ്ടായിരുന്നു താരം വീഡിയോ ആരംഭിച്ചത്. ‘ ഒരുപാട് ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ ദിവസം ബീച്ചിൽ വെച്ച് ഫോട്ടോഷൂട്ട് നടന്നിരുന്നു. ഈ സമയത്ത് നേവലും മറ്റ് ശരീരഭാഗങ്ങളും കാണാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഫോട്ടോ ഗ്രാഫറായ രേഷ്മ ഈ ഫോട്ടോ ഷൂട്ടിന്റെ ബിഹൈൻഡ് സീൻസ് യൂട്യൂബിൽ പങ്കുവച്ചിരുന്നു. അപ്പോൾ രോമാഞ്ചം മീഡിയ എന്ന ഭയങ്കര പേരുള്ള ഒരു മീഡിയ അതിലെ ഏതോ ഒരു വൈഡ് ഷോട്ടിൽ എന്റെ നേവൽ കാണുന്നത് പോലെ ഉണ്ടായിരുന്നു. ആ വൈഡ് ഷോട്ടിൽ നിന്നും കഷ്ടപ്പെട്ട് സീൻ കട്ട് ചെയ്തെടുത്തു. ശേഷം രോമാഞ്ചം എന്ന് പേരുന്ന അവരുടെ ചാനലിൽ പോസ്റ്റ് ചെയ്തു.
അവർ മാത്രമല്ല വേറെയും ഒരുപാട് പേജുകളിൽ ഇങ്ങനെ മോശം വീഡിയോ ഇട്ടിട്ടുണ്ട്. ഈ അക്കൗണ്ടുകൾ എല്ലാം ഞാൻ പൂട്ടിയ്ക്കും. ഇതിനുള്‌ല നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്റെ വീഡിയോകളും ഫോട്ടോകളും ആവശ്യമില്ലാത്ത രീതിയിൽ ഇടുന്നതും ഉപയോഗിക്കുന്നതും എനിക്ക് ഇഷ്ടമല്ല. അതിൽ കിടന്ന് പണിയാൻ നിന്നാൽ ആരാണെങ്കിലും നല്ല പണി വാങ്ങിക്കും. ഇത് ഭീഷണിയൊന്നുമല്ല, എന്റെ വ്യക്തി സ്വാതന്ത്ര്യത്തെ മുൻനിർത്തി പറഞ്ഞതാണ്.
നിയമപരമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞാൽ പോയിരിക്കും. അവന്റെ അക്കൗണ്ട് പൂട്ടിച്ചു. അതുപോലെ മറ്റ് പേജുകളും കളയും. എന്ത് രോമാഞ്ചം ആണെങ്കിലും എത്ര കുളിര് കോരിപ്പിക്കുന്ന സാധനം ആണെങ്കിലും ശരി ആവശ്യമില്ലാതെ എന്റെ ചിത്രങ്ങൾ ഇട്ടാൽ നല്ല പണി കിട്ടും. ഇതുവച്ച് കൊഞ്ചാനോ കുഴയാനോ വന്നാൽ പച്ചത്തെറി കേൾക്കുമെന്നും പാർവ്വതി കൃഷ്ണ വ്യക്തമാക്കി.
Discussion about this post