ന്യൂയോർക്ക്: എട്ട് മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹയാത്രികനായ ബുച്ച് വിൽമോറും മാർച്ചിൽ ഭൂമിയിലേക്കെത്തുമെന്ന് അറിയിച്ച് നാസ. സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് എത്തിക്കുന്ന ക്രൂ-10ന്റെ വിക്ഷേപണം മാർച്ച് 12നാണ് ലക്ഷ്യമിടുന്നത്. ദൗത്യ സന്നദ്ധതയും ഏജൻസിയുടെ ഫ്‌ലൈറ്റ് റെഡിനസ് പ്രക്രിയയുടെ സർട്ടിഫിക്കേഷൻ പൂർത്തീകരണവും കാത്തിരിക്കുകയാണ് നാസ.
ക്രൂ-10 ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്‌സ്, ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ് എന്നിവരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകും. നാസയുടെ അഭിപ്രായത്തിൽ, ക്രൂ-10 ദൗത്യത്തിനായി പുതിയ ഡ്രാഗൺ ബഹിരാകാശ പേടകം പറത്താനുള്ള ഏജൻസിയുടെ യഥാർത്ഥ പദ്ധതി ക്രമീകരിക്കാനുള്ള മിഷൻ മാനേജ്മെന്റിന്റെ തീരുമാനത്തെ തുടർന്നാണ് നേരത്തെയുള്ള വിക്ഷേപണ അവസരം ലഭ്യമാകുന്നത്. ഇതിന് കൂടുതൽ പ്രോസസ്സിംഗ് സമയം ആവശ്യമാണെന്ന് നാസ പറഞ്ഞു.
സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും എത്രയും വേഗം തിരിച്ചെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്പേസ് എക്സ് സിഇഒ എലോൺ മസ്‌കിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നാസ വേഗത്തിലാക്കുന്നത്.
സ്റ്റാർലൈൻ പേടകത്തിന്റെ തകരാറിനെ തുടർന്ന് 2024 ജൂൺ മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇരുവരെയും തിരികെ കൊണ്ടുവരാൻ മസ്‌ക് ട്രംപിന്റെ സഹായം തേടിയെന്നാണ് വിവരം. 10 ദിവസം മാത്രം നീണ്ടു നിൽക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു യാത്ര. എന്നാൽ, സാങ്കേതിക തകരാറുകൾ മൂലം ഇരുവരുടെയും യാത്ര മുടങ്ങുകയായിരുന്നു.
Discussion about this post