ജീവന്റെ തുടിപ്പുള്ള ഏക ഗ്രഹമാണ് നമ്മുടെ ഭൂമി. ദിനവും പലതരത്തിലുള്ള മാറ്റങ്ങൾ ഭൂമിയുടെ അകക്കാമ്പിനുള്ളിലും ഉപരിതലത്തിലും നടന്നുകൊണ്ടിരിക്കുകയാണ്. എപ്പോഴും ചിലച്ചുകൊണ്ടിരിക്കുകയാണ് ഭൂമി. ടെക്‌റ്റോണിക് പ്ലേറ്റുകളുടെ സ്ഥാനചലനങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, കാന്തികധ്രുവങ്ങളുടെ ചലനം എന്നിവ മൂലമാണ് നമ്മുടെ ഗ്രഹത്തിൽ പരണാമത്തിന് കാരണമാകുകയാണ്.
ഭൂമിയുടെ ആന്തരിക കാമ്പ് ഒരു ഖരാവസ്ഥയിലാണെന്നും മാറ്റമില്ലാത്ത ഗോളമാണെന്നും അടുത്തിടെ, ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ 20 വർഷത്തിനിടെ ഈ അകക്കാമ്പിന്റെ ആകൃതി കാര്യമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഭൂമിയുടെ അകക്കാമ്പ് ഒരു പന്തിന്റെ ആകൃതിയിലാണെന്നാണ് കാലങ്ങളായി വിശ്വസിച്ചുപോരുന്നത്. എന്നാൽ, കഴിഞ്ഞ വർഷങ്ങളിലായി ഇതിന്റെ അരികുകൾ യഥാർത്ഥത്തിൽ ചില സ്ഥലങ്ങളിൽ 100 മീറ്ററോ അതിൽ കൂടുതലോ ഉയരത്തിൽ രൂപഭേദം വരുത്തിയിരിക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. ജോൺ വിഡേൽ പറയുന്നു.
സൂര്യന്റെ വികിരണത്തിൽ ജീവൻ കത്തിയെരിയുന്നതിൽ നിന്ന് സംരക്ഷിക്കുന്ന ഒരു കാന്തികക്ഷേത്രം ഉത്പാദിപ്പിക്കുന്നതിനാൽ തന്നെ നമ്മുടെ ഭൂമിയുടെ മിടിക്കുന്ന ഹൃദയമായാണ് ഈ അകക്കാമ്പിനെ കരുതപ്പെടുന്നത്. ഭൂമി അതിന്റെ സാങ്കൽപ്പിക അച്ചുതണ്ടിൽ സ്വയം തിരിയുകയും സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇത്തരത്തിൽ കറങ്ങുന്ന ഭൂമിയ്ക്കുള്ളിലെ അകക്കാമ്പ് ഭൂമിയുടെ കറക്കത്തിൽ നിന്നും വ്യത്യസ്തമായി സ്വതന്ത്രമായാണ് ഭ്രമണം ചെയ്യുന്നത്. ഈ ചലനമില്ലെങ്കിൽ ഭൂമി നശിക്കുകയും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കാന്തികവലയം നഷ്ടപ്പെട്ട തരിശായ ചൊവ്വയെപ്പോലെയാകുകയും ചെയ്യും.
ചുറ്റുമുള്ള പുറക്കാമ്പ് ദ്രാവകാവസ്ഥയിലായതുകൊണ്ടാകാം ബാക്കി പാളികളിൽ നിന്നും വ്യത്യസ്തമായി അകക്കാമ്പിന് സ്വതന്ത്രമായി കറങ്ങാൻ സാധിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. ഒരുപക്ഷേ, ഖര രൂപത്തിലുള്ള അകക്കാമ്പിന്റെ അഗ്രം വളരെ ചൂടുള്ള ദ്രാവക ലോഹരൂപത്തിലുള്ള പുറക്കാമ്പുമായി സമ്പർക്കം പുലർത്തുന്നിടത്തിന്റെ അതിർത്തിയിലായിരിക്കാം ഈ ആകൃതി മാറ്റം സംഭവിക്കുന്നതെന്ന് പഠനം പറയുന്നു.
നമ്മുടെ ഗ്രഹവും അതിന്റെ ഉൾഭാഗവും ഇന്നും മനസിലാക്കാൻ കഴിയാത്ത വളരെ നിഗൂഢമായ ഒരു സ്ഥലമാണ്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 4,000 മൈൽ അകലെയാണ് കാമ്പ്. ഏറെ ശ്രമങ്ങൾ നടത്തിയിട്ടും ഇന്നും ഭൂമിയുടെ ഉൾക്കാമ്പിലേക്കെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല.
1991നും 2023നും ഇടയിൽ ഒരേ സ്ഥലത്ത് ആവർത്തിച്ച ഭൂകമ്പങ്ങളിൽ നിന്നുള്ള ഭൂകമ്പ തരംഗ പാറ്റേണുകളെയാണ് പഠനം പരിശോധിച്ചത്. കാലക്രമേണ ഭൂമിയുടെ അകക്കാമ്പിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പഠിക്കാൻ ഈ പരിശോധന സഹായിച്ചു. കാലക്രമേണ, ദ്രാവകരൂപത്തിലുള്ള പുറം കാമ്പ് ഖരരൂപത്തിലുള്ള അക കാമ്പിലേക്ക് ചേരും. എന്നാൽ, പൂർണ്ണമായും ഖരമാകാൻ കോടിക്കണക്കിന് വർഷങ്ങൾ എടുക്കും. ഇത് മിക്കവാറും ഭൂമിയിലെ ജീവന്റെ അവസാനം കുറിച്ചേക്കാം. അപ്പോഴേക്കും, ഗ്രഹത്തെ സൂര്യൻ വിഴുങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
നമ്മുടെ സൂര്യൻ ഉൾപ്പെടെയുള്ള നക്ഷത്രങ്ങളുടെ ജീവിതചക്രത്തെ വിവരിക്കുന്ന സ്റ്റെല്ലാർ പരിണാമ സിദ്ധാന്തം വിശദീകരിക്കുന്നതുപോലെ, സൂര്യൻ അതിന്റെ ആണവ ഇന്ധനം കളയുകയും, അത് ഒരു ചുവന്ന ഭീമനായി വികസിക്കുകയും അവസാനം ഭൂമിയെ വിഴുങ്ങുകയും ചെയ്യും. സിദ്ധാന്തമനുസരിച്ച്, സൂര്യന്റെ അവസാന ഘട്ടങ്ങൾക്ക് മുമ്പായിരിക്കും ഇത് സംഭവിക്കുക. തുടർന്ന് സൂര്യൻ ഒരു വെളുത്ത കുള്ളനായി മാറുകയും ഭൂമിയെ വാസയോഗ്യമല്ലാതാക്കുകയും ഗ്രഹത്തിലെ ജീവന്റെ അന്ത്യം കുറിക്കുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Discussion about this post