തിരുവനന്തപുരം: സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയാണ് ഭീഷണി സന്ദേശം അധികൃതർക്ക് ലഭിച്ചത്. പോലീസിന്റെ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് ആയിരുന്നു സന്ദേശം. ഇതിന് തൊട്ട് പിന്നാലെ പോലീസ് വിമാനത്താവളത്തിലും റെയിൽവേ സ്‌റ്റേഷനിലും പരിശോധന നടത്തുകയായിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ കൂടുതൽ റെയിൽവേ സ്റ്റേഷനുകളിലും പോലീസ് പരിശോധന നടത്തി. കൊല്ലം, കോട്ടയം, എറണാകുളം റെയിൽവേ സ്‌റ്റേഷനുകളിൽ ആയിരുന്നു പരിശോധന. ഇവിടങ്ങളിൽ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
നിലവിൽ ട്രെയിൻ ഗതാഗതത്തിന് തടസ്സങ്ങൾ ഇല്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ച സന്ദർഭത്തിൽ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ജാഗ്രത തുടരുകയാണെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികളുടെ പ്രത്യേക യോഗം ചേർന്നു. സുരക്ഷ ശക്തമാക്കാൻ യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്.
തെലുങ്കാനയിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം തെലങ്കാനയിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, സ്‌കൂളുകൾ എന്നിവയ്ക്ക് നേരെ ഭീഷണി ഉയരുന്നുണ്ട്. ഇതിനിടെയാണ് കേരളത്തിലും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. സംഭവത്തെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. അതുകൊണ്ട് തന്നെ വലിയ ജാഗ്രത തുടരുന്നുണ്ട്.
Discussion about this post