ന്യൂയോർക്ക്/ ന്യൂഡൽഹി: രണ്ട് ദിവസം നീണ്ട അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികെ ഇന്ത്യയിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയുടെയും അമേരിക്കയുടെയും സൗഹൃദം ദൃഢമാക്കുന്നതിനുള്ള വിവിധ വിഷയങ്ങൾ ചർച്ചയായി. അന്താരാഷ്ട്ര മാദ്ധ്യമങ്ങളെ സംബന്ധിച്ച് നിരവധി വലിയ തിരക്കേറിയ ദിവസങ്ങൾ ആയിരുന്നു കടന്ന് പോയത്.
മോദിയ്ക്ക് ട്രംപ് നൽകുന്ന സ്‌നേഹവും ആദരവും വാർത്തകളിൽ നിറഞ്ഞു. ഇരു നേതാക്കളും ചേർന്നെടുത്ത തീരുമാനങ്ങൾ മാദ്ധ്യമങ്ങൾ ചർച്ചാവിഷയമാക്കി. പ്രതിരോധം, വ്യാപര ചുങ്കം, കുടിയേറ്റം എന്നീ മൂന്ന് വിഷയങ്ങൾ ആയിരുന്നു പ്രധാനമായും കൂടിക്കാഴ്ചയിൽ ചർച്ചയായത്.
പ്രസിഡന്റ് ആയി ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കയിൽ എത്തുന്ന നാലാമത്തെ ലോകനേതാവാണ് മോദി. ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ആയിരുന്നു ആദ്യമായി അമേരിക്കയിൽ എത്തിയത്. എന്നാൽ മോദിയുടെ അമേരിക്കൻ സന്ദർശനം മാത്രമാണ് മാദ്ധ്യമങ്ങൾ വലിയ ചർച്ചയാക്കിയത്. അമേരിക്കയിൽ നിന്ന് മടങ്ങിയിട്ടും ഇപ്പോഴും മോദി അന്താരാഷ്ട്ര മാദ്ധ്യമ വാർത്തകളിൽ നിറയുകയാണ്.
എല്ലാ ലോകനേതാക്കളും മോദിയെ കണ്ട് പഠിക്കണം എന്നാണ് പ്രമുഖ മാദ്ധ്യമം ആയ സിഎൻഎൻ കറസ്‌പോണ്ടന്റ് ആയ വിൽ റിപ്ലി പറഞ്ഞത്. ട്രംപിനോട് മോദി നടത്തുന്ന ഇടപെടൽ ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ട്രംപ് അധികാരമേറ്റതിന് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ആയിരുന്നു അമേരിക്കയിൽ എത്തിയത്. അദ്ദേഹവുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച വളരെ മാന്യത നിറഞ്ഞത് ആയിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മാസ്റ്റർക്ലാസ് ആയിരുന്നു. മറ്റൊരു രാജ്യത്തെ നേതാവുമായി എങ്ങനെ സംസാരിക്കണം ഇടപഴകണം എന്നെല്ലാം മോദി ലോകനേതാക്കൾക്ക് കാണിച്ച് തരുന്നു.
എന്തിനാണ് അമേരിക്കയിലേക്ക് വന്നിരിക്കുന്നത് എന്നതിനെക്കുറിച്ച് മോദിയ്ക്ക് നന്നായി അറിയാം. കൂടിക്കാഴ്ച ഒരിക്കലും മോശമാകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. വാഷിംഗ്ടണിൽ മോദി എത്തിയപ്പോൾ തന്നെ ആയിരുന്നു ചുങ്കത്തിൽ പരസ്പര പൂരകമായ മാറ്റം ട്രംപ് പ്രഖ്യാപിച്ചത്. വ്യാപാരവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ ചില പൊരുത്തക്കേടുകൾ ഉണ്ട്. എന്നാൽ ഇത് തുടരുമ്പോഴും ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, പ്രതിരോധം, ഊർജ്ജം മുതലായ വിഷയങ്ങളിൽ മോദി ട്രംപുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ‘ മേക്ക് ഇന്ത്യ ഗ്രേറ്റ് എഗൈൻ’ എന്ന പ്രഖ്യാപനം മോദി നടത്തിയിരുന്നു. ട്രംപിന്റെ ‘ മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ എന്ന പ്രസിദ്ധമായ മുദ്രാവാക്യം കടമെടുത്തുകൊണ്ടായിരുന്നു മോദിയുടെ ഈ പ്രഖ്യാപനം. മോദിയുടെ ബ്രാൻഡിംഗ് ബുദ്ധി ആണ് ഇവിടെ പ്രകടം ആയത്. ഇന്ത്യയും അമേരിക്കയും എല്ലാ കാലത്തും ഒന്നിച്ച് പ്രവർത്തിക്കും എന്നാണ് മോദി ഇതിലൂടെ നൽകുന്ന സന്ദേശം എന്നും വിൽ റിപ്ലി വ്യക്തമാക്കുന്നു.
വ്യാഴാഴ്ച ആയിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി മോദി അമേരിക്കയിൽ എത്തിയത്. ഇതിന് മുന്നോടിയായി അദ്ദേഹം ദ്വിദിന ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയിരുന്നു. ഫ്രാൻസിൽ നിന്നായിരുന്നു പ്രത്യേക വിമാനത്തിൽ അദ്ദേഹം അമേരിക്കയിൽ എത്തിയത്. അമേരിക്കയിൽ ഊഷ്മള സ്വീകരണം ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ഏറ്റുവാങ്ങിയത്.
Discussion about this post