എറണാകുളം: ആന്റണി പെരുമ്പാവൂരുമായി തർക്കങ്ങൾ നിലനിൽക്കേ തന്നെ മോഹൻലാൽ വിളിച്ചിരിന്നുവെന്ന് നിർമ്മാതാവ് ജി. സുരേഷ് കുമാർ. സംസാരം മോശമാവുമെന്ന് കരുതി ഫോൺ എടുത്തില്ല. ആരെങ്കിലും സ്‌ക്രൂ കയറ്റിയാൽ മോഹൽലാൽ പെട്ടെന്ന് ചൂടാവുമെന്നും സുരേഷ് കുമാർ വ്യക്തമാക്കി.
അടുത്തിടെ മോഹൻലാൽ എന്നെ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തില്ല. കുളിക്കുന്ന സമയത്ത് ആയിരുന്നു അദ്ദേഹം വിളിച്ചത്. ഇപ്പോൾ ഞാനും മോഹൻലാലുമായി സംസാരിച്ചാൽ അത് അത്ര സുഗകരമാകില്ല. എനിക്ക് അവനുമായി പ്രശ്‌നമില്ല. സൗഹൃദത്തിനും കുറവില്ല. ആരേലും സ്‌ക്രൂ കയറ്റിയാൽ മോഹൻലാൽ ചൂടാകും. അതുകൊണ്ടാണ് ഫോൺ എടുക്കാതിരുന്നത് എന്നും സുരേഷ് കുമാർ പറഞ്ഞു.
ആന്റണി പെരുമ്പാവൂരിനെതിരെ സംസാരിച്ചതിന് പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കും കുടുംബത്തിനും നേരെ രൂക്ഷമായ സൈബർ ആക്രമണം ആണ് നടക്കുന്നത്. കളക്ഷൻ കണക്ക് പറഞ്ഞതാണ് പലരുടെയും പ്രകോപനത്തിന് കാരണം ആയത്. ചില അസോസിയേഷനുകളും ഫാൻസ് ഗ്രൂപ്പുകളും ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നുണ്ട്. സമരം ഉൾപ്പെടെ എല്ലാം സംയുക്തമായി എടുത്ത തീരുമാനം ആണ്. പറഞ്ഞ കാര്യങ്ങളിൽ ഒരു മാറ്റവും ഇല്ലെന്നും സുരേഷ് കുമാർ പറഞ്ഞു.
ജൂൺ മുതൽ നിർമ്മാതാക്കളുടെ അനിശ്ചിതകാല പണിമുടക്ക് ഉണ്ടാകുമെന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതാണ് സിനിമാ മേഖലയിൽ പുതിയ പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. താരങ്ങൾ അമിത പ്രതിഫലം ഈടാക്കുന്നത് കുറയ്ക്കുക, ജിഎസ്ടിയ്‌ക്കൊപ്പമുള്ള നികുതി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു അദ്ദേഹം സമരം പ്രഖ്യാപിച്ചത്.
എന്നാൽ ഇതിന് തൊട്ട് പിന്നാലെ സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തുകയായിരുന്നു. സമരം നടത്താനുള്ള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിൽ എതിർപ്പ് പ്രകടമാക്കിയായിരുന്നു അദ്ദേഹം രംഗത്ത് എത്തിയത്. ഇത്തരത്തിലുള്ള നടപടികൾ സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആന്റണിയുടെ പരാമർശങ്ങൾ തള്ളി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്ത് എത്തുകയായിരുന്നു.
Discussion about this post