ഡൽഹിനിവാസികൾക്ക് ആശ്വാസത്തിന്റെ പുതുകിരണങ്ങളേകി യമുനനദീ ശുചീകരണ ആരംഭം. യമുനയിലെ ശുചീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിക്കൊണ്ട് ലെഫ്റ്റനന്റ് ഗവർണറാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. തലസ്ഥാന നഗരത്തിലെ ജലമലിനീകരണ പ്രതിസന്ധി പരിഹരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം വെറും വാക്കല്ലെന്ന് തെളിയിക്കുന്നതാണ് പുതിയ സർക്കാർ അധികാരത്തിലേറും മുൻപേ ആരംഭിച്ച ഈ ശുചീകരണ പ്രവർത്തനങ്ങൾ. ഡൽഹി തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് വലിയ രാഷ്ട്രീയ യുദ്ധത്തിന് കാരണമായ വിഷയമായിരുന്നു വിഷലിപ്തമായ യമുന. നദീജലം മലിനമായതിന് പിന്നിൽ ഹരിയാനയാണെന്ന് വരെ കുറ്റപ്പെടുത്തി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയതും 10 വർഷം ഭരണത്തിലിരുന്നിട്ടും നദി മാലിന്യമുക്തമാക്കാത്തതും ചർച്ചയായി. കെജ്രിവാളും രാഹുൽഗാന്ധിയും യമുന നദിയെ ചൊല്ലി ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങൾ നടത്തിയിരുന്നു.
ശനിയാഴ്ച ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന ചീഫ് സെക്രട്ടറിയുമായും അഡീഷണൽ ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി ശുചീകരണ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. പിന്നാലെ, വലിയ തോതിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള യന്ത്രങ്ങൾ, കള കൊയ്ത്തു യന്ത്രങ്ങൾ, നദിയിലെ അവശിഷ്ടങ്ങളും മലിനീകരണ വസ്തുക്കളും നീക്കം ചെയ്യുന്നതിനുള്ള ഡ്രെഡ്ജ് യൂട്ടിലിറ്റി ക്രാഫ്റ്റ് എന്നിവ ഉപയോഗിച്ചു. പദ്ധതിയുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ ഒരു ചതുർമുഖ തന്ത്രം ആവിഷ്‌കരിച്ചിട്ടുണ്ടെന്നെന്നാണ് വിവരം.
മാലിന്യവും ചെളിയും നീക്കം ചെയ്യൽ: യമുനയുടെ പ്രധാന അരുവിയിലെ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ, ചെളി, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രധാന അഴുക്കുചാലുകൾ വൃത്തിയാക്കൽ: നജഫ്ഗഢ് അഴുക്കുചാൽ, സപ്ലിമെന്ററി അഴുക്കുചാൽ, നദിയിലേക്ക് വെള്ളം ഒഴുകിയെത്തുന്ന മറ്റ് എല്ലാ പ്രധാന അഴുക്കുചാലുകൾ എന്നിവയിലും ഒരേസമയം ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
മലിനജല സംസ്‌കരണ പ്ലാന്റുകളുടെ (എസ്.ടി.പി) കർശനമായ നിരീക്ഷണം: പരമാവധി കാര്യക്ഷമത ഉറപ്പാക്കുന്നതിന് നിലവിലുള്ള എസ്.ടി.പികളുടെ പ്രകടനത്തിന്റെയും ഉൽപാദനത്തിന്റെയും ദൈനംദിന വിലയിരുത്തൽ നടത്തും.
സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം: പ്രതിദിനം ഏകദേശം 400 ദശലക്ഷം ഗാലൺ (എംജിഡി) മലിനജലം സംസ്‌കരിക്കുന്നതിലെ നിലവിലെ കുറവ് പരിഹരിക്കുന്നതിന് പുതിയ എസ്ടിപികളുടെയും വികേന്ദ്രീകൃത എസ്ടിപികളുടെയും നിർമ്മാണത്തിനായി ഒരു സമയബന്ധിത പദ്ധതി നടപ്പിലാക്കും
അതേസമയം മൂന്ന് വർഷത്തിനുള്ളിൽ യമുനയെ പുനഃസ്ഥാപിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ ഡൽഹി ജൽ ബോർഡ് (ഡിജെബി), ജലസേചന & വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് (ഐ & എഫ്സി), ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി), പരിസ്ഥിതി വകുപ്പ്, പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി), ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) എന്നിവയുൾപ്പെടെ ഒന്നിലധികം ഏജൻസികൾ ഏകോപിപ്പിച്ചുള്ള ശ്രമങ്ങൾ നടത്തും.സംസ്‌കരിക്കാത്ത മാലിന്യങ്ങൾ നഗരത്തിലെ അഴുക്കുചാലുകളിലേക്ക് പുറന്തള്ളുന്നില്ലെന്ന് ഉറപ്പാക്കാൻ ഡൽഹി മലിനീകരണ നിയന്ത്രണ സമിതിക്ക് (ഡിപിസിസി) കർശനമായ നിരീക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.












Discussion about this post