ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവി മനുഷ്യനാണെന്നാണ് വെപ്പ്. അവന്റെ ബുദ്ധികൂർമ്മതയിലും കണ്ടുപിടുത്തങ്ങളിലും കഴിവുകളിലും അത്രയേറെ ആത്മവിശ്വാസവും തെല്ലൊരു അഹങ്കാരവും ഉണ്ട്. ചിന്തിക്കാൻ കഴിയുന്ന ജീവി,ചിരിക്കാനും കരയാനും,സ്‌നേഹിക്കാനും ദ്രോഹിക്കാനും കവിയുന്ന ജീവിയെന്ന നിലയിൽ ഭൂമിയിലെ മറ്റ് ജവികളിൽ നിന്ന് ഏറെ വ്യത്യസ്തനാണ് മനുഷ്യനെന്ന് സമ്മതിക്കാതെ തരമില്ല. എന്നാൽ ഈ മഹാപ്രപഞ്ചത്തിൽ മനുഷ്യനല്ല ഏറ്റവും ബുദ്ധിമാനെന്ന് പറയുകയാണ് ഒരു പഠനം. മനുഷ്യരുടേതിന് സമാനമോ അല്ലെങ്കിൽ അതിലുമേറെയോ ബുദ്ധിവളർച്ചയുള്ള ജീവജാലങ്ങൾ പ്രപഞ്ചത്തിൽ മറ്റേതെങ്കിലും ഗ്രഹത്തിൽ ഉണ്ടായിരിക്കാമത്രേ. ബുദ്ധിവളർച്ചയുള്ള ജീവജാലങ്ങൾ പ്രപഞ്ചത്തിൽ ഗ്രഹങ്ങൾ വികസിക്കുമ്പോൾ തന്നെ സ്വാഭാവികമായുണ്ടാകുന്നതാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. പെൻ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സയൻസ് അഡ്വാൻസസ് എന്ന മാസികയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭൂമിയിൽ ജീവനുണ്ടായതുമായി ബന്ധപ്പെട്ട പരമ്പരാഗത സിദ്ധാന്തമായ ഹാർഡ് സ്റ്റെപ്പ്സ് സിദ്ധാന്തത്തെ തള്ളുന്ന വിധത്തിലാണ് പുതിയ കണ്ടെത്തലുകൾ.പ്രപഞ്ചത്തിൽ വളരെ അപൂർവമായി നടക്കുന്ന സംഭവവികാസങ്ങളുടെ ഫലമായാണ് ബുദ്ധിയുള്ള ജീവികളുടെ പരിണാമം നടക്കുന്നതെന്നും ഇത്ര അപൂർവതകൾ ഒരുമിച്ച് ചേരുക എന്നത് വളരെ പ്രയാസമേറിയ കാര്യമായതിനാൽ തന്നെ ഭൂമിയ്ക്ക് പുറത്ത് മനുഷ്യർക്ക് സമാനമായ ജീവികളുണ്ടാകാൻ സാധ്യതയില്ലെന്നതായിരുന്നു കാർട്ടറുടെ പഠനം. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊന്നുമല്ലെന്ന് പറയുകയാണ് പുതിയ പഠനം. ഏതെങ്കിലും അപൂർവ്വ സംഭവവികാസമോ ഭാഗ്യമോ അല്ല മനുഷ്യനെ തുണച്ചത്. ഭൂമിയ്ക്ക് മുൻപോ ഭൂമിയുടെ പിറവിയ്ക്ക് ശേഷമോ ഉണ്ടായതല്ല ബുദ്ധിവൈഭവമുള്ള ജീവികൾ. പകരം ഭൂമിയുണ്ടാകുന്നതിനോടൊപ്പം വളരെ സ്വാഭാവികമായി നടന്നതാണ് ബുദ്ധിയുള്ള ജീവിയുടെ ജനനമെന്ന് ഗവേഷണസംഘത്തിന്റെ തലവൻ ഡാൻസ് മിൽ വ്യക്തമാക്കുന്നു.
‘ബുദ്ധിശക്തിയുള്ള ജീവൻ നിലനിൽക്കാൻ ഭാഗ്യ ഇടവേളകളുടെ ഒരു പരമ്പര തന്നെ ആവശ്യമില്ലെന്ന് ഞങ്ങൾ വാദിക്കുന്നു. ഭൂമിയുടെ ചരിത്രത്തിൽ മനുഷ്യർ ‘ആദ്യകാല’മോ ‘വൈകി’യോ പരിണമിച്ചില്ല, മറിച്ച് സാഹചര്യങ്ങൾ നിലവിലുണ്ടായിരുന്ന ‘കൃത്യസമയത്ത്’ പരിണമിച്ചു. ഒരുപക്ഷേ ഇത് സമയത്തിന്റെ കാര്യം മാത്രമാണ്, ഒരുപക്ഷേ മറ്റ് ഗ്രഹങ്ങൾക്ക് ഭൂമിയേക്കാൾ വേഗത്തിൽ ഈ അവസ്ഥകൾ കൈവരിക്കാൻ കഴിയും, അതേസമയം മറ്റ് ഗ്രഹങ്ങൾക്ക് കൂടുതൽ സമയമെടുത്തേക്കാമെന്ന്
ഡാൻസ് മിൽ കൂട്ടിച്ചേർത്തു.
ക്രമരഹിതമായ യാദൃശ്ചികതയല്ല, മറിച്ച് പ്രവചനാതീതവും യുക്തിസഹവുമായ സംഭവങ്ങളുടെ ഫലമാണ് പരിണാമത്തിലെ സുപ്രധാന നാഴികക്കല്ലുകളെന്ന് പഠനം നിർദ്ദേശിക്കുന്നു. സൂര്യന്റെ ആയുസ്സിനെ അടിസ്ഥാനമാക്കിയുള്ള കാർട്ടറിന്റെ അനുമാനങ്ങളെ ഗവേഷകർ വെല്ലുവിളിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ബുദ്ധിപരമായ ജീവന്റെ നിലനിൽപ്പിനുള്ള സാധ്യതയെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാട് പഠനം നൽകുന്നു.
Discussion about this post