ന്യൂഡൽഹി: 2025ലെ പഞ്ചസാര സീസണിൽ (SSY25) ഇന്ത്യയിലെ പഞ്ചസാര ഉൽപ്പാദനത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഈ സീസണിലെ മൊത്തം ഉൽപ്പാദനം 27 ദശലക്ഷം മെട്രിക് ടണ്ണിൽ (എംഎംടി) താഴെയാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം 31.8 എംഎംടി ആയിരുന്ന ഉത്പാദനം ഇത്തവണ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
2025 ഫെബ്രുവരി 15ലെ കണക്കനുസരിച്ച്, പഞ്ചസാര ഉൽപ്പാദനം 19.77 എംഎംടി ആയി. മുൻ സീസണിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12 ശതമാനം ഇടിവാണ് ഈ കണക്ക് പ്രതിഫലിപ്പിക്കുന്നത്. എത്തനോൾ ഉൽപ്പാദനത്തിനായി പഞ്ചസാര വഴിതിരിച്ചുവിട്ടതും, കരിമ്പ് ലഭ്യതയിൽ കുറവുണ്ടായതുമാണ് ഈ മാന്ദ്യത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.
സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ ഈ ഉത്പാദനക്കുറവ് ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയെയാണ്. വർഷം തോറും 14 ശതമാനം കുറവാണ് മഹാരാഷ്ട്രയിൽ ഉണ്ടായിരിക്കുന്നത്. കർണാടകയിൽ 13 ശതമാനവും ഉത്തർപ്രദേശിൽ 8 ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കർണാടകയിലെ കരിമ്പ് ലഭ്യതയിൽ 22 ശതമാനം ഇടിവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ കരിമ്പ് ലഭ്യതയിൽ വാർഷികാടിസ്ഥാനത്തിൽ 7.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ, ഉത്തർപ്രദേശിൽ സീസണിൽ 1.4 ശതമാനം വർധനവോടെ താരതമ്യേന സ്ഥിരത തുടർന്നു.
കരിമ്പ് വിതരണം കുറയുന്നത് നിരവധി മില്ലുകളെ പ്രതീക്ഷിച്ചതിലും നേരത്തെ ക്രഷിംഗ് പ്രവർത്തനങ്ങൾ നിർത്താൻ നിർബന്ധിതരാക്കി. പ്രവർത്തനം നിർത്തിയ മില്ലുകളുടെ എണ്ണം ജനുവരി 31-ന് 23 ആയിരുന്നത് ഫെബ്രുവരി 15-ന് 51 ആയി ഉയർന്നു. SSY25ലെ മൊത്തം കരിമ്പ് ക്രഷിംഗ് 218 എംഎംടി ആയി കുറഞ്ഞു. മുൻ സീസണിലെ 228 എംഎംടിയിൽ നിന്ന് 4.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ഉത്തർപ്രദേശിൽ, പഞ്ചസാര വിലയിൽ ടണ്ണിന് 41,000 രൂപയോളം ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. അതേസമയം മഹാരാഷ്ട്രയിൽ ടണ്ണിന് 37,500 രൂപയ്ക്ക് മുകളിൽ വിലയിലെത്തി. ഈ അനുകൂല വില നിലവാരം 25 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലും 26 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലും പഞ്ചസാര മില്ലുകളുടെ ലാഭക്ഷമത വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post