പത്തനംതിട്ട ; പൂവൻ കോഴിയുടെ കൂടുമാറ്റാൻ ആർഡിഒയുടെ ഉത്തരവ്. പൂവൻ കോഴി കൂവുന്നത് ശല്യമാണെന്ന പരാതിയിലാണ് കോഴിക്കൂട് മാറ്റാൻ ഉത്തരവിട്ടിരിക്കുന്നത്. അടൂർ പള്ളിക്കൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അയൽവാസി കൊച്ചുതറയിൽ അനിൽകുമാറിനെതിരെയാണ് രാധാകൃഷ്ണൻ പരാതി നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് വീടിന് മുകൾ നിലയിലെ കോഴിക്കൂട് മാറ്റണമെന്നാണ് അടൂർ ആർഡിഒ ബി രാധാകൃഷ്ണൻ ഉത്തരവിട്ടത്.
കോഴി രാവിലെ മൂന്ന് മുതൽ കൂവുന്നതിനാൽ സമാധാനമായി ഉറങ്ങാൻ കഴിയുന്നില്ല. തന്റെ സൈര്യജീവിതത്തിന് തടസ്സമുണ്ടെന്ന് കാണിച്ച് രാധാകൃഷ്ണൻ പരാതി നൽകുകയായിരുന്നു. ഇരു കൂട്ടരുടെയും വാദം കേട്ട ആർഡിഒ സ്ഥലം പരിശോധിച്ചു. അതിനുശേഷമാണ് ആർഡിഒ ഉത്തരവിറക്കിയത്. 14 ദിവസത്തിനുള്ളിൽ ഉത്തരവ് നടപ്പിലാക്കണം എന്നും റിപ്പോർട്ടിൽ പറയുന്നു.
വാർദ്ധ്യകത്തിന്റെ പ്രശ്‌നങ്ങളുള്ള രോഗികൂടിയായ പരാതിക്കാരന് രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുന്നതിന് ഈ കൂവൽ തടസമുണ്ടാക്കുന്നതായി ആർഡിഒക്ക് ബോധ്യപ്പെട്ടു . ഇതേ തുടർന്ന് കോഴിക്കൂട് അനിൽകുമാറിന്റെ വീടിന്റെ കിഴക്ക് ഭാഗത്തേയ്ക്ക് മാറ്റണമെന്നും ഉത്തരവിലുണ്ട്
Discussion about this post