സംസ്ഥാന സർക്കാർ കേരളത്തിന്റെ പ്രതിനിധിയായി ഡൽഹിയിലേക്ക് അയച്ച കെവി തോമസിന്റെ യാത്ര ബത്ത ഉയർത്താൻ തീരുമാനിച്ച് മന്ത്രിസഭായോഗം. പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും ഇരട്ടിയിലധികമാക്കി 11.3 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പ് ധനവകുപ്പിന് സുപാർശ നൽകിയിരിക്കുന്നത്. യാത്രാബത്തയായി കെവിതോമസിന് 5 ലക്ഷമായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ യാത്രാചിലവുകൾക്കായി 6.31 ലക്ഷം വിനിയോഗിക്കുന്നുണ്ടെന്നും ഈ കാരണത്താൽ യാത്രാബത്ത കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ധൃതിപിടിച്ചുള്ള ഈ നടപടി.
അതേസമയം മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെവി തോമസിന് പ്രതിമാസം ഒരുലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം ആയി നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമേ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ നിയമിച്ചിട്ടുണ്ട്. ശമ്പളം വേണ്ടെന്നും ഓണറേറിയം നൽകിയാൽ മതിയെന്നും കെവി തോമസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെ നൽകിയിരിക്കുന്നത്. കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കുന്ന തോമസിന് 2023 ജനുവരി 18നാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്.
അന്ന് ഓണറേറിയം അനുവദിച്ചത് വിവാദമായിരുന്നു. ശമ്പളം പറ്റാതെ ഓണറേറിയം വാങ്ങുന്നതിന് പിന്നാലെ കാരണങ്ങളും അന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകിയാൽ അവസാനം വാങ്ങിയ ശമ്പളത്തിൽനിന്ന് പെൻഷൻ കുറച്ച തുകയാണ് വേതനമായി അനുവദിക്കുക. എന്നാൽ ഓണറേറിയം നൽകുമ്പോഴാവട്ടെ കെ വി തോമസിന് എംപി പെൻഷൻ വാങ്ങുന്നതിന് തടസമില്ല. 22 വർഷക്കാലം പാർലമെന്റ് മെമ്പറായി പ്രവർത്തിച്ച കെ വി തോമസിന് 59,000 രൂപയാണ് എംപി പെൻഷൻ. ഇതിന് പുറമെ 30 വർഷത്തോളം കോളേജ് പ്രൊഫസറായി പ്രവത്തിച്ചതിന്റെ പെൻഷൻ വേറെയും. ശരാശരി 30 വർഷം അദ്ധ്യാപന കാലയളവുള്ള ഒരു കോളേജ് പ്രൊഫസർക്ക് 83,000 രൂപ വരെ പെൻഷനായി ലഭിക്കാൻ അർഹതയുണ്ടെന്നാണ് കണക്ക്. ഇതും കെ വി തോമസിന്റെ കയ്യിൽ ഭദ്രം. എംപിയും എംഎൽഎയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഈ രണ്ട് പെൻഷനും ഒന്നിച്ച് കൈപ്പറ്റാൻ കെ വി തോമസിന് കഴിയില്ല. എന്നാൽ കോളേജ് പ്രൊഫസറുടെ പെൻഷൻ വാങ്ങുന്നതിന് തടസമില്ല. ഇതോടെ എല്ലാം കൂടി കണക്കാക്കുമ്പോൾ 2,42,000 രൂപയാണ് പ്രതിമാസം കെവി തോമസിന്റെ അക്കൗണ്ടിലെത്തുക. അദ്ദേഹത്തിനായി അനുവദിച്ച രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ തുടങ്ങി നാല് ജീവനക്കാർക്ക് ശമ്പളം നൽകാൻ ഇതിൽ നിന്നും ഒരുരൂപ പോലും കെ വി തോമസിന് ചെലവാക്കേണ്ടതില്ല
Discussion about this post