സംസ്ഥാനം ഞെട്ടിയ പാതിവില തട്ടിപ്പുകേസിൽ കുമളി പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിന്റെ വീട് ഇ.ഡി. സീൽചെയ്തു.മൂന്നുകോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.നിലവിൽ തട്ടിപ്പുകേസിൽ പ്രതിചേർത്തിട്ടില്ലെങ്കിലും, ഷീബാ സുരേഷിനെതിരേ വണ്ടൻമേട് പോലീസിൽ സീഡ് കോഡിനേറ്റർമാർ പരാതി നൽകിയിട്ടുണ്ട്.
അനന്തു കൃഷ്ണന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് റിസേർച്ച് ഡിവലപ്‌മെന്റ് സൊസൈറ്റിയുടെ ചെയർപേഴ്സൺകൂടിയാണ് ഷീബ. അനന്തു കൃഷ്ണനുമായി ഏതെങ്കിലും സാമ്പത്തിക ഇടപാടുകൾ ഇവർ നടത്തിയിട്ടുണ്ടോ എന്നടക്കം ഇ.ഡി. പരിശോധിക്കും.
അതേസമയം കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണന്റെ പാതിവില പദ്ധതിയിൽ വളം മുതൽ ഇരുചക്രവാഹനം വരെയുണ്ട്.അനന്തുകൃഷ്ണന്റെ തട്ടിപ്പ് 1000 കോടി രൂപ കടക്കുമെന്നാണ് പോലീസ് നിഗമനം. 2019-ൽ ഇടുക്കിയിൽ പാതിവിലയ്ക്ക് ഏലം കർഷകർക്ക് കാർഷിക ഉപകരണങ്ങളും വളവും നൽകിയാണ് പദ്ധതിയുടെ പരീക്ഷണത്തുടക്കം. ശേഷിക്കുന്ന പണം കോർപ്പറേറ്റ് കമ്പനികളുടെ സാമൂഹിക സുരക്ഷാ നിധിയാണെന്നാണ് അന്നും പറഞ്ഞിരുന്നത്.
ഇടത്തരക്കാരെ ലക്ഷ്യം വെച്ച് പാതിവിലയ്ക്ക് ഇരുചക്രവാഹനം, തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വിശ്വാസ്യതയുണ്ടെന്നു വരുത്താൻ മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികളെയും ഉപയോഗപ്പെടുത്തി. വിതരണോദ്ഘാടനത്തിനു ജനപ്രതിനിധികൾ എത്തിയതോടെ തട്ടിപ്പിന് കൂടുതൽ ആധികാരികതയും കൈവന്നു.പദ്ധതിക്കു ജനപ്രീതി ലഭിച്ചതോടെ ജനപ്രതിനിധികളും മുന്നിട്ടിറങ്ങുകയായിരുന്നു. ഓരോ ബ്ലോക്ക് പഞ്ചായത്തിലും സോഷ്യോ ഇക്കണോമിക് ആൻഡ് ഡവലപ്മെന്റൽ സൊസൈറ്റി (സീഡ്) രൂപീകരിച്ചു. ഭാരവാഹികളായി രാഷ്ട്രീയ നേതാക്കളെയും പഞ്ചായത്ത് ജനപ്രതിനിധികളെയും ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു തട്ടിപ്പ്.
സാധാരണ സ്ത്രീകളുടെയും കുടുംബങ്ങളുടെയും ഉന്നമനം എന്ന പേരിലാണ് പാതിവില പദ്ധതിക്ക് ആദ്യഘട്ടം പ്രചാരം കൊടുത്തത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് എന്ന മട്ടിലും പ്രചാരണം ഉണ്ടായി. നാഷണൽ എൻ.ജി.ഒ. ഫെഡറേഷൻ എന്ന പേരും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചു. സി.എസ്.ആർ. പണം എന്താണെന്നുപോലും അറിയാത്ത സാധാരണക്കാർ പകുതി വിലയ്ക്ക് സാധനങ്ങൾ കിട്ടുമെന്നു വന്നപ്പോൾ രംഗത്തെത്തി. കേന്ദ്ര സർക്കാർ പകുതി പണം നൽകുമെന്നാണ് പലരും വിശ്വസിച്ചിരുന്നത്. പരിചയക്കാരെ സംഘാടകരായി കണ്ടതോടെ സ്വർണം പണയം വെച്ചും വായ്പയെടുത്തും ചിട്ടി പിടിച്ചും പലരും പണം കൊടുത്തു. വിവിധ സഹകരണ സംഘങ്ങളുമായും സംഘടനകളുമായും സഹകരിച്ചതോടെ പദ്ധതി കൂടൂതൽ ജനകീയമായി.
Discussion about this post