മിയാമി: മൂന്നാം ലോകമഹായുദ്ധം കണ്‍മുന്നിലുണ്ടാകുന്ന കാലം വിദൂരമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ തന്റെ നേതൃത്വം ഈ യുദ്ധം തടയുമെന്ന് ട്രംപ് അവകാശപ്പെട്ടു. യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രയോറിറ്റി ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇനിയും ആളുകള്‍ കൊല്ലപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ ലോകമെമ്പാടും അതിവേഗം നീക്കം നടത്തുകയാണെന്നും ട്രംപ് അവകാശപ്പെട്ടു- ‘മിഡില്‍ ഈസ്റ്റിലെ മരണങ്ങളും റഷ്യ – യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ മരണങ്ങളും നോക്കൂ. അത് അവസാനിപ്പിക്കാന്‍ പോകുന്നു. മൂന്നാം ലോകമഹായുദ്ധം കൊണ്ട് ആര്‍ക്കും ഒരു ലാഭവുമില്ല. അത് അത്ര അകലെയല്ല.’
ജോ ബൈഡന്റെ ഭരണം ഒരു വര്‍ഷം കൂടി തുടര്‍ന്നിരുന്നെങ്കില്‍ ഇതിനകം മൂന്നാം ലോകമഹായുദ്ധം തുടങ്ങിയിട്ടുണ്ടാകും ആയിരുന്നെന്ന് ട്രംപ് പറഞ്ഞു. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസും റഷ്യയും തമ്മില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചതിനും പിന്തുണച്ചതിനും സൗദി അറേബ്യയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് നന്ദി പറഞ്ഞു,
അതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയെ ട്രംപ് വിമര്‍ശിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് നടത്താത്ത സ്വേച്ഛാധിപതി എന്നാണ് സെലന്‍സ്‌കിയെ കുറിച്ച് ട്രംപ് പറഞ്ഞത്. സൗദി അറേബ്യയിലെ ചര്‍ച്ചകളില്‍ യുക്രൈനെ ക്ഷണിക്കാതിരുന്നതിനെ ട്രംപ് ന്യായീകരിച്ചു- ‘ഞാന്‍ യുക്രൈനെ സ്‌നേഹിക്കുന്നു. പക്ഷേ സെലന്‍സ്‌കി രാജ്യം തകര്‍ത്തു. ദശലക്ഷക്കണക്കിന് ആളുകള്‍ ഒരു കാരണവുമില്ലാതെ മരിച്ചു. ഇരുപക്ഷത്തോടും സംസാരിച്ചില്ലെങ്കില്‍ യുദ്ധം അവസാനിപ്പിക്കാനാവില്ല. അതിനാല്‍ ഉടന്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്നും യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും സ്ഥിരത പുനഃസ്ഥാപിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post