നായകൻ വരുന്നു ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക്;സിനിമാജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്റ്റെന്ന് മോഹൻലാൽ; വീഡിയോ

Published by
Brave India Desk

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. കോടി ക്ലബ്ബിൽ കയറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് കൊണ്ടുതന്നെ എമ്പുരാന് വലിയ ഹൈപ്പാണ് ഉള്ളത്. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ,എമ്പുരാനിലെ ഓരോ കഥാപാത്രങ്ങളെയും അണിയറ പ്രവർത്തകർ പരിചയപ്പെടുത്തുന്നുണ്ട്.ഇപ്പോഴിതാ ചിത്രത്തിന്റെ നെടുംതൂണായ സ്റ്റീഫൻ നെടുമ്പള്ളി അഥവാ ഖുറേഷി അബ്രഹാം എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ പരിചയപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. തേടുന്നു,നോറ്റുന്നു,കാക്കുന്നു,വാഴ്ത്തുന്നു,താപാധിപന്മാർ നിന്നെ, എമ്പുരാനെ എന്ന ടെറ്റിൽ സോംങ്ങിന്റെ വരികൾ ക്യാപ്ഷനായി നൽകിയാണ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുള്ളത്.

ലൂസിഫർ എന്ന സിനിമയിൽ സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രം ആ സിനിമയുടെ അവസാനഘട്ടത്തിൽ അയാൾക്ക് മറ്റൊരു പേരുണ്ടെന്നും,അയാൾ ഭരിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും,നിങ്ങളെ അറിയിച്ചു. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ ഖുറേഷി അബ്രഹാം, എന്ന ആ കഥാപാത്രവും അദ്ദേഹത്തിന്റെ ലോകവുമാണ്, കൂടുതൽ പരിചയപ്പെടാൻ പോകുന്നത്. എങ്ങനെ ഖുറേഷി അബ്രഹാം അദ്ദേഹത്തിന്റെ ലോകത്തിലെ പ്രശ്‌നങ്ങളും, കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ, പുതിയ പ്ര്ശ്‌നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാക്കും എന്നതിനെ കുറിച്ചാണ് എമ്പുരാൻ എന്ന സിനിമയെന്ന് മോഹൻലാൽ പറയുന്നു. ലൂസിഫർ ഫ്രാഞ്ചൈസിയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്നും അതിലേക്ക് നയിച്ച് കൊണ്ടാകും എമ്പുരാൻ അവസാനിക്കുകയെന്നും മോഹൻലാൽ വീഡിയോയിൽ പറയുന്നു. ‘ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് ഖുറേഷി എങ്ങനെ തിരിച്ചുവരുന്നു’, എന്നതിന്റെ ഉത്തരമാണ് ചിത്രമെന്നും താരം കൂട്ടിച്ചേർത്തു. ഖുറേഷി അബ്രഹാം അഥവാ സ്റ്റീഫന് നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ, മുഴുവൻ കഥ ഒരുപക്ഷേ നിങ്ങൾക്ക് അറിയണമെങ്കിൽ,ട്രിയോളജിയായി പറയാൻ പോകുന്ന കഥയുടെ മൂന്നാം ഭാഗവും കാണണമെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു. രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് കൂടി കാണാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് താൻ എമ്പുരാനെ കണക്കാക്കുന്നതെന്നും അതിന്റെ രണ്ടാം ഭാഗം, വളരെ ശ്രദ്ധയോടെയും വലുപ്പത്തിലും ചിത്രീകരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിലഭിനയിക്കുന്ന ഓരോ അഭിനേതാക്കളും അതിന്റെ ലൊക്കേഷനും ഒക്കെ,അത്രയും പ്രധാന്യം കൊടുത്താണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് എന്ന സംവിധായകന്റെ വളരെ ശ്രദ്ധേയമായ ചിത്രമായിരിക്കും ഇത്. എമ്പുരാന് വേണ്ടി നമുക്ക് കാത്തിരിക്കാമെന്ന് താരം പറഞ്ഞു. ഖുറേഷി എബ്രഹാം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്. ഒന്നാം ഭാഗത്തിൽ സ്റ്റീഫൻ പറഞ്ഞതുപോലെ ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക്. എങ്ങനെ തിരിച്ചുവരുന്നു എന്നുള്ളതാണ് ഈ സിനിമ. ആ വരവിനായി കാത്തിരിക്കൂ,ഞാനും കാത്തിരിക്കുകയാണെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.

അബ്രഹാം ഖുറേഷിയുടെ ക്യാരക്ടർ റിവീലിന് മുൻപായി പൃഥ്വിരാജും സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.നിങ്ങൾ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കിയാൽ, നരകത്തിന്റെ ആഴങ്ങളിൽ എരിയുന്ന അഗ്‌നി കാണാനാകും അബ്രാം. സ്റ്റീഫൻ ഓവർലോർഡ് എന്ന കുറിപ്പോടെ കണ്ണുകളുടെ ചിത്രമാണ് പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ നായകനായ മോഹൻലാലിന്റെ കണ്ണുകളുടെ ചിത്രമാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകൾ.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

 

 

Share
Leave a Comment