വെഞ്ഞാറമൂട്ടെ കൂട്ടക്കൊലപാതകത്തിൽ ഓരോ ചുരുളും അഴിച്ച് പോലീസ്. കൂട്ടക്കൊലയിൽ പ്രതി അഫാന്റെ കുടുംബത്തിന്റെ കടബാധ്യതയുടെ അളവ് കണ്ടെത്താനായി അന്വേഷണം നടത്തുകയാണ് പോലീസിപ്പോൾ. കടം നൽകിയവരുടെ അടക്കം വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതിനിടെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്താനും നീക്കമുണ്ട്. കടക്കെണിയുണ്ടായിട്ടും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചു. അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കി. വരുമാനം നിലച്ചിട്ടും അഫാൻ ആഡംബര ജീവിതം തുടർന്നുവെന്നും പോലീസ് പറയുന്നു. അമ്മയ്ക്ക് അർബുദംകൂടി ബാധിച്ചതോടെ അഫാൻ കടുത്ത സമ്മർദത്തിലായിരുന്നെന്നുമാണ് വിവരം. ഏഴുവർഷമായി നാട്ടിൽ വരാൻപോലും കഴിയാത്ത സാമ്പത്തിക ബാധ്യമത അബ്ദുറഹീമിനുണ്ടായി. പ്രതിമാസം പണംപോലും അയക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെ എല്ലാം താളംതെറ്റി. പണയം വച്ചും ബന്ധുക്കളിൽനിന്ന് കടംവാങ്ങിയുമാണ് കുടുംബം മുന്നോട്ട് പോയത്
കടക്കാരുടെ ശല്യം നിത്യജീവിതത്തിന് തടസമായി മാറി. പിതാവിന്റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചു. ബുളളറ്റ് ഉള്ളപ്പോൾ അഫാൻ പുതിയ ബൈക്ക് വാങ്ങിയതും ബന്ധുക്കൾ എതിർത്തിരുന്നു. കടക്കാരുടെ ശല്യവും ബന്ധുക്കളുടെ എതിർപ്പും ആത്മഹത്യയെന്ന തീരുമാനത്തിലെത്തിച്ചു. എന്നാൽ കൂട്ട ആത്മഹത്യയിൽ ആരെങ്കിലും രക്ഷപ്പെടുമോ എന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അഫാൻ അധികം ആരോടും സംസാരിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാണുമ്പോൾ ഒരു ചിരിമാത്രമാണ് അഫാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. അഫാന് ഏറ്റവും പ്രിയം സിനിമകളായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പല സിനിമകളിലെ സംഭവങ്ങളും ജീവിതത്തിൽ അനുകരിക്കാനും പ്രതി ശ്രമിച്ചിട്ടുണ്ട്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഒരു സഹപാഠി അഫാനെ മർദിച്ചു. തുടർന്ന് ചെരിപ്പ് ഇടാതെ നടക്കുകയും അവനെ തിരിച്ച് അടിച്ചശേഷം മാത്രമേ ചെരിപ്പ് ധരിക്കുകയുള്ളുവെന്നും അഫാൻ പറഞ്ഞിരുന്നുവെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.
എട്ട് വർഷം മുമ്പ് തന്നെ അച്ഛനമ്മമാർ സ്‌നേഹിക്കുന്നില്ലെന്ന് ആരോപിച്ച് അഫാൻ വീട്ടിൽവച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സംഭവത്തിനുശേഷം വീട്ടുകാർ അഫാന് ചോദിക്കുന്നതെന്തും വാങ്ങി നൽകിയിരുന്നെന്ന് ബന്ധുക്കളും പറയുന്നു. അഫാൻ പറഞ്ഞത് അനുസരിച്ചാണ് വീട്ടിൽ വർഷങ്ങൾക്കു മുമ്പ് കാർ വാങ്ങുന്നത്. തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുടെ കാര്യം സുഹൃത്തായ ഫർസാനയോടും അഫാൻ പറഞ്ഞിരുന്നു. ഇക്കാര്യം ഫർസാന അമ്മയോട് പറഞ്ഞിരുന്നു.അഫാനുമായി പ്രണയത്തിലാണെന്ന കാര്യം ഫർസാനയുടെ അച്ഛന് മാത്രം അറിവുണ്ടായിരുന്നില്ല. നല്ലൊരു ജോലി ലഭിച്ചശേഷം വിവാഹത്തെക്കുറിച്ച് അച്ഛനോട് സംസാരിക്കാം എന്ന നിലപാടിലായിരുന്നു ഫർസാനയുമെന്നാണ് സൂചന. ഫർസാനയുടെ ഒരു മാലയും അഫാൻ പണയം വച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയാതിരിക്കാൻ സ്വർണം പൂശിയ മറ്റൊരു മാല ഫർസാനയ്ക്ക് അഫാൻ വാങ്ങി നൽകിയിരുന്നു.
കൊലപാതകങ്ങൾക്ക് ശേഷം എലിവിഷം കലർത്തി കുടിക്കാനാണു മദ്യം വാങ്ങിയത്. എലിവിഷം കഴിച്ച ശേഷം ബൈക്കിൽ പോലീസ് സ്റ്റേഷനിലേക്കു പോകാനായിരുന്നു തീരുമാനമെങ്കിലും ദേഹാസ്വാസ്ഥ്യം തോന്നിയതോടെ ഓട്ടോ വിളിച്ചെന്നും അഫാൻ വെളിപ്പെടുത്തി.
Discussion about this post