തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തി പ്രതി അഫാൻ. മൂന്ന് പേരോടുള്ള അമിതമായ സ്‌നേഹവും മൂന്ന് പേരോടുള്ള അമിതമായ പകയുമാണ് തന്റെ അമ്മയടക്കം ആറ് പേരെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് അഫാൻ പോലീസിനോട് വെളിപ്പെടുത്തിയത്. കടം കാരണം ജീവിക്കാനാവാതെ വന്നതോടെ, മാതാവിനെയും സഹോദരനെയും പെൺസുഹൃത്തിനെയും കൊന്ന് ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് പ്രതി മൊഴി നൽകി.
മുത്തശ്ശി സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിത എന്നിവരോട് അമിതമായ പകയുണ്ടായിരുന്നു. ഈ പകയാണ് അവരെ ഇല്ലാതാക്കാൻ പ്രേരിപ്പിച്ചത്. കടുത്ത പ്രതിസന്ധിയിൽ പോലും കടം തീർക്കാനായി ആഭരണമോ പണമോ നൽകി ഇവർ സഹായിച്ചിരുന്നില്ല. ഇതാണ് മുന്ന് പേരോടുമുള്ള പകയ്ക്ക് കാരണം. ഇതോടൊപ്പം, പം കടം വാങ്ങി, ധൂർത്തടിക്കുന്നുവെന്ന് പറഞ്ഞ് ലത്തീഫ് അഫാനെ നിരന്തരം വഴക്ക് പറയുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപ നേരത്തെ ലത്തീഫ് അഫാന് നൽകിയിരുന്നു. കൂടുതൽ പണം ചോദിച്ചതോടെ, നൽകാൻ ലത്തീഫ് തയ്യാറായില്ല. ഇതാണ് പകയ്ക്ക് കാരണമെന്നും അഫാൻ പോലീസിനോട് വെളിപ്പെടുത്തി.
കടക്കാരുടെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. ഇതോടെയാണ് മരിക്കാൻ തീരുമാനിച്ചത്. എന്നാൽ, മാതാവിനെയും സഹോദരനെയും ഒറ്റയ്ക്ക് ആക്കാൻ മനസുവന്നില്ല. ഇതോടെ, ഇവരെ കൊന്നതിന് ശേഷം മരിക്കാൻ തീരുമാനിക്കുകയായിരുന്നു. താനില്ലാതെ, പെൺസുഹൃത്തായ ഫർസാനയും ജീവിക്കേണ്ടെന്ന തീരുമാനത്തിലാണ് ആ കൊലപാതകവും നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
Discussion about this post