ലോക നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയും ചർച്ചയും പുതുമയുള്ള കാര്യമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും പ്രശ്‌നപരിഹാരത്തിനും ചർച്ചകൾ അനിവാര്യം ആണ്. എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കൻ- യുക്രെയ്ൻ പ്രസിഡന്റുമാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഇതിൽ നിന്നും വിഭിന്നമായിരുന്നു. 10 മിനിറ്റ് പോലും നീളാതിരുന്ന ഇരു നേതാക്കളുടെ ചർച്ചയാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്.
റഷ്യൻ- യുക്രെയ്ൻ സംഘർഷം പരിഹരിച്ച് ലോകത്ത് സമാധാനം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ട്രംപ്- സെലൻസ്‌കി കൂടിക്കാഴ്ച നടന്നത്. എന്നാൽ ചർച്ച ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ രൂക്ഷമായ വാക്‌പോരിലേക്ക് ചർച്ച വഴിമാറുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും ചേർന്ന് നടത്താനിരുന്ന വാർത്താ സമ്മേളനവും റദ്ദാക്കി. അതൃപ്തനായി സെലൻസ്‌കിയ്ക്ക് വൈറ്റ് ഹൗസിൽ നിന്നും മടങ്ങേണ്ടിയും വന്നു.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി കരാറിൽ ഏർപ്പെടണമെന്ന നിർദ്ദേശം ട്രംപ് സെലൻസ്‌കിയ്ക്ക് മുൻപിൽവച്ചു. ഇതോടെ ആയിരുന്നു വാക്‌പോര് തുടങ്ങിയത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ട്രംപിന്റെ വാക്കുകളെ പിന്തുണച്ചു.
എന്നാൽ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള സംഘർഷം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ലെന്ന് സെലൻസ്‌കി ഓർപ്പിക്കുക്കയും, എക്കാലവും അമേരിക്ക റഷ്യയ്‌ക്കൊപ്പമാണെന്ന് ആരോപിക്കുകയും ചെയ്തു. യുക്രെയ്‌നിന്റെ പലഭാഗങ്ങളും ഇന്ന് റഷ്യയുടെ പക്കൽ ആണെന്നും ഇത് ആരും തടഞ്ഞില്ലെന്നും സെലൻസ്‌കി പരിഭവം പറഞ്ഞു. ഇതിനിടെ ഇടപെട്ട വാൻസ് നയതന്ത്രത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് അമേരിക്ക ഉദ്ദേശിക്കുന്നത് എന്ന് മറുപടി നൽകി. ഇതോടെ വാക് പോര് മുറുകി.
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ ചർച്ചയെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കൊണ്ട് നിങ്ങൾ ചൂതാട്ടം നടത്തുകയാണെന്നും മൂന്നാം ലോക മഹായുദ്ധം ലക്ഷ്യമിടുന്നുവെന്നും ട്രംപ് വിമർശിച്ചു. വാൻസും ഇടപെട്ടതോടെ പോര് രൂക്ഷമാകുകയും ചർച്ച ർക്കത്തിൽ അവസാനിക്കുകയും ചെയ്തു.
ഓവൽ ഓഫീസിൽ പ്രമുഖ മാദ്ധ്യമങ്ങൾക്ക് മുൻപിൽ ആയിരുന്നു നേതാക്കളുടെ വാക് പോര്. ഇതോടെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സഹിതം പുറത്താകുകയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ചെയ്തു. നേതാക്കൾ പൊതുജനങ്ങൾക്ക് മാതൃകയാകേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.
ചർച്ചയ്ക്ക് വിളിച്ചുവരുത്തി സെലൻസ്‌കിയെ അധിക്ഷേപിച്ചുവെന്നാണ് ട്രംപിനെതിരായ വിമർശനം. പ്രോട്ടോകോൾ തെറ്റിച്ച് ചർച്ചയ്ക്കിടെ സെലൻസ്‌കി മനപ്പൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ചർച്ചകൾ പരാജയപ്പെടുന്നതും അലസുന്നതും പതിവാണെങ്കിലും ട്രംപ്- സെലൻസ്‌കി കൂടിക്കാഴ്ച അതിനപ്പുറം ആണെന്നാണ് വിലയിരുത്തൽ. ലോകനേതാക്കൾ പെരുമാറേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യവും ഇതോടൊപ്പം പ്രസക്തമാകുന്നു.
Leave a Comment