ചരിത്രത്താളുകളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ധീര വനിതകൾ അനവധിയാണ്. ‘ദീദി സുശീല മോഹൻ’ എന്ന പേര് സായുധ വിപ്ലവത്തിൽ ഊന്നിയ സ്വാതന്ത്ര്യ സമരവുമായി ചേർത്ത് വയ്ക്കപ്പെട്ടത് കൊണ്ട് കൂടി ആവാം അത്തരത്തിൽ ഒരു അടർത്തി മാറ്റലിന് വിധേയമാക്കപ്പെട്ടത്.
വിഭജന പൂർവ്വ പഞ്ചാബിലെ ഗുജറാത്ത് ജില്ലയിൽ 1905 മാർച്ച് അഞ്ചിനാണ് സുശീലയുടെ ജനനം. അച്ഛൻ കരം ചന്ദ് സൈന്യത്തിൽ മെഡിക്കൽ ഓഫിസർ ആയിരുന്നു. വിരമിച്ച ശേഷം, കരം ചന്ദിൻ്റെ നിസ്വാർത്ഥ സേവനത്തിന് വിലയിട്ട് കൊണ്ട് ബ്രിട്ടീഷ് ഗവൺമെൻ്റ് നീട്ടിയ ‘റായ് സാഹബ്’ എന്ന ബഹുമതി നിരസിക്കാൻ അദ്ദേഹത്തിന് രണ്ടാമത് ഒരു ചിന്ത വേണ്ടി വന്നില്ല. ആര്യ സമാജ പ്രവർത്തകനായും ബാല ഗംഗാധര തിലകിൻ്റെ ആരാധകനായും അദ്ദേഹം ശിഷ്ട കാലം കഴിച്ചു കൂട്ടി. മക്കൾക്ക് ദേശീയതയിൽ ഊന്നിയ വിദ്യാഭ്യാസം ആയിരിക്കണം ലഭിക്കേണ്ടത് എന്ന ചിന്തയിൽ ദയാനന്ദ ആംഗ്ലോ വേദിക് വിദ്യാലയത്തിലും ലാലാ ദേവ് രാജിൻ്റെ കന്യാ മഹാ വിദ്യാലയത്തിലും അവരെ വിട്ട് പഠിപ്പിച്ചു.
സുശീലയ്ക്ക് 14 വയസ്സ് പ്രായം ഉള്ളപ്പോൾ ആണ് രാജ്യത്തെ നടുക്കിയ ജാലിയൻ വാലാ ബാഗ് കൂട്ടക്കുരുതി, തെരുവിൽ ബ്രിട്ടീഷ് ബൂട്ടിന് ചുവട്ടിൽ മനുഷ്യരുടെ ദീന രോദനം. കലുഷിതമായ ആ അന്തരീക്ഷത്തിലേക്ക് എത്തിയ ഗാന്ധിജിയെ അവളും ഒരു നോക്ക് കണ്ടു. വിരലിൽ അണിഞ്ഞിരുന്ന മോതിരം സമര പ്രവർത്തനങ്ങൾക്കായി ഗാന്ധിജിയുടെ കൈകളിൽ ആ പതിന്നാലുകാരി ഊരി നൽകി. ഖാദി ധരിക്കാൻ ഉള്ള ആഹ്വാനത്തെ അവളും ശിരസ്സാ വഹിച്ചു. പിന്നീട് ജീവിതം തന്നെ സമരമാക്കി മാറ്റവേ, ഒളിവിൽ കഴിയുന്ന അവസരത്തിൽ ഒഴികെ എപ്പോഴും സുശീല കൈത്തറി വസ്ത്രം മാത്രം ധരിച്ചു.
അവളിലെ ദേശസ്നേഹവും സ്വാതന്ത്ര്യ ദാഹവും കവിതകളിലും പടരാൻ തുടങ്ങി. അവളുടെ വിദ്യാലയത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു ദേശബന്ധു സി.ആർ ദാസ്. അദ്ദേഹത്തിന് മുന്നിൽ സുശീല പാടി. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെയാണ് സി.ആർ ദാസ് ആ കവിത കേട്ടത്. ലാലാ ലജ്പത് റായിയുടെ അറസ്റ്റിനെ തുടർന്ന് സുശീല പഞ്ചാബിയിൽ എഴുതിയ ഗീതം പഞ്ചാബിൽ ആകമാനം വിതരണം ചെയ്യപ്പെട്ടു.
സായുധ വിപ്ലവത്തിലേക്കുള്ള മകളുടെ ചുവട് മാറ്റം കരം ചന്ദിനെ പോലെ ഒരു അച്ഛന് ഉറക്കമില്ലാത്ത രാത്രികൾ നൽകി. മകൾ വീട്ടിൽ എത്തുന്നത് ചുരുക്കം. കാകോരി കേസിൻ്റെ വിചാരണയുടെ വിധി വരുന്ന ദിവസമാണ് സുശീലയുടെ ബിരുദ പരീക്ഷ. രാം പ്രസാദ് ബിസ്മിലിൻ്റെ, അഷ്ഫകിൻ്റെ, റോഷൻ സിംഗിൻ്റെ, രജീന്ദർ ലാഹിരിയുടെ വധശിക്ഷ നടപ്പാക്കണമെന്ന വിധി പരീക്ഷാ ഹാളിലും എത്തി. സുശീലയുടെ കണ്ണുകളിൽ ഇരുട്ട് പടർന്നു, ബോധരഹിതയായി പരീക്ഷാഹാളിൽ സുശീല വീണു.
ഉണരുമ്പോൾ അവളുടെ നെഞ്ചിലെ രാജ്യസ്‌നേഹത്തിൻ്റെ കനൽ ആളി തുടങ്ങിയിരുന്നു. 1926ൽ ഡെറാഡൂണിൽ നടന്ന ഹിന്ദി സാഹിത്യ സമ്മേളനം വഴി സുശീല രാജ്യ സ്നേഹികളായ വിപ്ലവകാരികളുടെ പ്രവർത്തനങ്ങളോട് കൂടൂതൽ അടുത്തു.
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസോസിയേഷൻ്റെ സായുധ പോരാട്ടാങ്ങളുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ സുശീല പങ്ക് ചേർന്നു. ബിരുദം പൂർത്തിയാക്കിയ ശേഷം കന്യാ മഹാ വിദ്യാലയത്തിന് തൻ്റെ സേവനം നൽകുമ്പോഴും സുശീലയുടെ മനസ്സിൽ മുഴുവൻ ദേശ സ്നേഹികൾക്ക് സായുധ പോരാട്ടങ്ങൾക്ക് വേണ്ട സഹായങ്ങൾ എത്തിച്ചു നൽകുന്നതിനുള്ള പദ്ധതികൾ ആയിരുന്നു.
സർദാർ ഭഗത് സിംഗിൻ്റെ പോരാട്ടാങ്ങളിലും സുശീല ഭാഗമായി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവർക്ക് വേണ്ടി ചന്ദ്ര ശേഖർ ആസാദിൻ്റെ നിർദേശ പ്രകാരം ഗാന്ധിജിയെ കണ്ടതും സുശീലയും ഭഗവതി ചരൺ വോഹ്‌റയുടെ ഭാര്യ ആയ ദുർഗ്ഗാ ഭാഭിയും ആയിരുന്നു.
ഡൽഹിയിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്ന സമയത്താണ് 1937- ൽ, കാകോരി കേസിൽ ആൻഡമാനിൽ തടവിലാക്കപ്പെട്ട വിപ്ലവകാരികൾ മോചിതരാകുന്നത്. അവരെ അണിനിരത്തി വലിയൊരു പരിപാടി സംഘടിപ്പിക്കാൻ സുശീലാ ദീദിയും ദുർഗ്ഗാ ഭാബിയും തീരുമാനിച്ചു. കോൺഗ്രസ് അംഗങ്ങളായതിനാൽ, വിപ്ലവകാരികളെ ഉൾപ്പെടുത്തി ഒരു പരിപാടി സംഘടിപ്പിക്കുന്നതിന് മഹാത്മാഗാന്ധിയിൽ നിന്ന് അവർക്ക് എതിർപ്പ് നേരിടേണ്ടിവന്നു, എന്നാൽ രണ്ട് വനിതകളും ഗാന്ധിജിയുടെ തീരുമാനത്തെ ധിക്കരിച്ചു. ഡൽഹി പോലീസിന്റെ മുന്നറിയിപ്പുകളെ ഭയക്കാതെ അവരുടെ ആസൂത്രിത പരിപാടിയുമായി മുന്നോട്ട് പോകുകയും അത് വിജയകരമായി സംഘടിപ്പിക്കുകയും ചെയ്തു.
നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നിട്ടും, ആ പരിപാടി സംഘടിപ്പിച്ചതിന്, ആൻഡമാൻ സെല്ലുലാർ ജയിലിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച ഝാൻസിയിലെ വിപ്ലവകാരിയായ പണ്ഡിറ്റ് പരമാനന്ദ്, സുശീല ദീദിയെ ‘ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക്’ എന്ന് വിശേഷിപ്പിച്ചു. പിന്നീട് ഭർത്താവ് ശ്യാം ജി മോഹനൊപ്പം1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും തുടർന്ന് ജയിലിലടയ്ക്കപ്പെടുകയും ചെയ്തു.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഹരിജൻ സ്ത്രീകളുടെ ഉന്നമനത്തിനായി വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് സുശീലദീദി ഡൽഹിയിൽ ജീവിച്ചു.
1963 ജനുവരി 13ന് ദീദി സുശീല മോഹൻ അന്തരിച്ചു.
Discussion about this post