കൊല്ലം: പാർട്ടി ചർച്ചകൾ ചോരുന്നതിൽ ആശങ്ക പ്രകടമാക്കി സിപിഎം. പ്രവർത്തന റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട് സിപിഎം ആശങ്ക പങ്കുവച്ചിരിക്കുന്നത്. ചില സമയങ്ങളിലെ മാദ്ധ്യമ വാർത്തകൾ ഇതിന് തെളിവാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും നടക്കുന്ന ചർച്ചകൾ അടുത്ത കാലത്ത് ചില വാർത്തകളായി പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ടിലെ പരാമർശം.
സ്റ്റേറ്റ് കമ്മിറ്റിയിലെയും സെക്രട്ടറിയേറ്റിലെയും ചർച്ചകളുടെ വാർത്തകൾ അപൂർവ്വം ചില സന്ദർഭങ്ങളിൽ മാദ്ധ്യമങ്ങൾക്ക് ചോർത്തുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അടുത്തകാലത്ത് ഈ വിവരങ്ങൾ പുറത്തുവന്നത് പാർട്ടിയ്ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാൽ അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോയി. പാർട്ടിയ്ക്കുള്ളിലെ യോജിപ്പാണ് ഇത് വ്യക്തമാക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ശരിയായ ചർച്ചയ്ക്കും പരിശോധനയ്ക്കും ശേഷമാണ് തീരുമാനങ്ങൾ കൈക്കൊള്ളാറുള്ളത്. ഐക്യകണ്‌ഠേനയാണ് തീരുമാനിക്കാറുള്ളത്.പാർട്ടിയിൽ നിലനിൽക്കുന്ന യോജിപ്പിന്റെയും ഐക്യത്തിന്റെയും ഭാഗമാണ് ഇതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
Discussion about this post