ഇടുക്കി: പീരുമേട് പരുന്തുംപാറയിൽ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ്. ചങ്ങനാശ്ശേരി തൃക്കൊടിക്കാനം സ്വദേശി പാസ്റ്റർ സജിത്ത് ജോസഫിനെതിരെയാണ് കേസ് എടുത്തത്. അനധികൃതമായി ഇയാൾ സ്ഥാപിച്ച കുരിശ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ പൊളിച്ച് നീക്കിയിരുന്നു.
ഭൂമി കയ്യേറ്റം ചൂണ്ടിക്കാട്ടി വണ്ടിപ്പെരിയാർ തഹസിൽദാർ പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇതിലാണ് കേസ് എടുത്തത്. അനധികൃത നിർമ്മാണത്തിനെതിരെ ഉദ്യോഗസ്ഥർ സ്‌റ്റോപ്പ് മെമോ നൽകിയിരുന്നു. ഇത് ലംഘിച്ച് കയ്യേറ്റ ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയെന്നാണ് തഹസിൽദാറുടെ പരാതി.
അനധികൃത ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് വിഷയം കഴിഞ്ഞ ദിവസം നിയമസഭയിൽ വാഴൂർ സോമൻ എംഎൽഎയായിരുന്നു ഉന്നയിച്ചത്. ഇതിന് പിന്നാലെ റെവന്യൂ ഉദ്യോഗസ്ഥരുടെ സംഘം പോലീസുമായി സ്ഥലത്ത് എത്തുകയായിരുന്നു. വൻ പോലീസ് കാവലിൽ ആയിരുന്നു പൊളിച്ചുമാറ്റൽ നടപടികൾ ഉദ്യോഗസ്ഥർ പൂർത്തിയാക്കിയത്. മറ്റൊരു സ്ഥലത്ത് ആയിരുന്നു നേരത്തെ ഈ കുരിശ് ഉണ്ടായിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇത് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നു.
ജോസഫ് ഇതിന് മുൻപും സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ട്. പരുന്തുംപാറയിൽ 3.31 ഏക്കർ ഭൂമി കയ്യേറി ജോസഫ് റിസോർട്ട് ആയിരുന്നു നിർമ്മിച്ചത്. ഇത് കണ്ടെത്തിയ ഉദ്യോഗസ്ഥർ നേരത്തെ ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് നൽകി. ഇതിൽ ഹൈക്കോടതി വിശദീകരണം തേടിയതോടെ കളക്ടർ കയ്യേറ്റക്കാർക്ക് സ്‌റ്റോപ്പ് മെമോ നൽകുകയായിരുന്നു. എന്നാൽ ഇത് അവഗണിച്ചുകൊണ്ട് ജോസഫ് കുരിശ് സ്ഥാപിക്കുകയായിരുന്നു.
Discussion about this post