ജവഹർലാൽ നെഹ്റുവിനെ ഒന്നാം തരം ഹിപ്പോക്രാറ്റെന്ന് കുറ്റപ്പെടുത്തി എഴുത്തുകാരൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ.ഒരു മനുഷ്യന് ജീവിക്കാനാവശ്യമായതിൻ്റെ അനേകം ഇരട്ടി കാപട്യം മനസ്സിൽ സൂക്ഷിച്ചു നടപ്പിലാക്കിയ മാന്യനായിരുന്നു നെഹ്രുവെന്ന് അദ്ദേഹം പറയുന്നു. നേട്ടുമുണ്ടാകും എന്ന് ഉറപ്പുണ്ടെങ്കിൽ അസത്യം പറയാനും പ്രവർത്തിക്കാനും നെഹ്റുവിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. അദ്ദേഹം വിജയകരമായി പ്രവർത്തിച്ച നേട്ടമുണ്ടാക്കിയ കാപട്യങ്ങളെ എണ്ണിയെണ്ണി പറയാൻ കഴിയും. കാലം അതെല്ലാം പുറത്ത് എത്തിച്ചിരിക്കുന്നുവെന്ന് കെ. എസ്. രാധാകൃഷ്ണൻ പറയുന്നു. അക്കമിട്ട് നിരത്തിയാണ് അദ്ദേഹം ഓരോന്നും വിമർശിക്കുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം
പണ്ഡിറ്റ് നെഹ്രുവിനെ കാലം വിചാരണ ചെയ്യുന്നു. കൂടം കൊണ്ട് തലയ്ക്കടിച്ച് കാലം ഒരുവനെയും നശിപ്പിക്കുന്നില്ല. ഒരുവന് സ്വയം തെറ്റ് ശരിയായും ശരി തെറ്റായും തോന്നി തുടങ്ങുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു തുടങ്ങുമ്പോൾ അവൻ്റെ നാശം അവൻ തന്നെ വരുത്തി വെക്കും. ഇത് മഹാഭാരതത്തിൽ പറയുന്ന കാര്യമാണ്. മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും വിജയവും നാശവും അവരുടെ തന്നെ കർമ്മഫലം കൊണ്ട് ഉണ്ടാകുന്നതാണ്.
വേദാന്ത സങ്കല്പത്തിൽ കാലം കർമ്മം തന്നെയാണ്. കാലവും കർമ്മവും നിരന്തര ചലനമാണ്. അതുകൊണ്ട്, ഇടമുറിയാത്ത ചലനമില്ലാതെ കർമ്മവും കാലവും നിലനില്ക്കില്ല. കാലം നമുക്കായി എന്തു കരുതിവെയ്ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോൾ നമ്മുടെ കർമ്മം നമുക്ക് എന്തു ഫലം നൽകും എന്ന ചോദ്യത്തിലാണ് നാം എത്തുന്നത്. താന്താൻ നിരന്തരം ചെയ്ത കർമ്മമാണ് ഫലരൂപത്തിൽ നമ്മുടെ മുന്നിലെത്തുന്നത്. നാം ചെയ്ത നന്മ തിന്മകൾ നാം ജീവിച്ചിരിക്കെ തന്നെ അനുഭവിക്കാൻ കഴിഞ്ഞേക്കാം. അതൊരു ഭാഗ്യം തന്നെ. കർമ്മ നൈരന്ത്യര്യം അനാദിയും അനന്തവുമായതുകൊണ്ട് നാം മരിച്ചു കഴിഞ്ഞാലും കർമ്മഫലം നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും. അതാകട്ടെ യശസ്സും ദുർയസ്സുമായി മാലോകർ അറിയുകയും ചെയ്യും. അത് കാലനിയമമായതു കൊണ്ട് ഒരുവനും ഒഴിവാക്കാനുമാകില്ല. നാം ചെയ്ത തെറ്റും ശരിയും കൂടുതൽ തെളിമയോടെ കാലം അരങ്ങിലെത്തിക്കും. ഒരാൾക്കും അവർ അർഹിക്കുന്നത് കാലം നൽകാതിരുന്നിട്ടില്ല.
നാം മരിച്ചതിന് ശേഷവും നമ്മുടെ കാപട്യങ്ങളും കള്ളങ്ങളും കാലം പുറത്ത് കൊണ്ടുവരും. അധികാരവും സ്വാധീനവും ഉപയോഗിച്ച് നാം മറച്ചു വെച്ച വസ്തുതകളും കാലം വെളിവാക്കും. അരമനകളിൽ പ്രമാണിമാർ മറച്ചുവെച്ച രഹസ്യങ്ങൾ അങ്ങാടിയിൽ പാട്ടായി മാറുന്നതും അതുകൊണ്ട് തന്നെ. നമ്മുടെ അഭാവത്തിൽ നാം ചെയ്ത കർമ്മത്തിൻ്റെ പേരിൽ നാം വിചാരണ ചെയ്യപ്പെടും. കാലം കരുതി വെയ്ക്കുന്ന വിചാരണയിൽ നിന്നും ഒരുവനും രക്ഷപ്പെടില്ല.
ഇപ്പോൾ ഈ വിചാരണ നേരിടുന്നത് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവാണ്.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഒന്നാം തരം ഹിപ്പോക്രാറ്റായിരുന്നു. ഒരു മനുഷ്യന് ജീവിക്കാനാവശ്യമായതിൻ്റെ അനേകം ഇരട്ടി കാപട്യം മനസ്സിൽ സൂക്ഷിച്ചു നടപ്പിലാക്കിയ മാന്യനായിരുന്നു പണ്ഡിറ്റ്ജി . നേട്ടുമുണ്ടാകും എന്ന് ഉറപ്പുണ്ടെങ്കിൽ അസത്യം പറയാനും പ്രവർത്തിക്കാനും നെഹ്റുവിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. അദ്ദേഹം വിജയകരമായി പ്രവർത്തിച്ച നേട്ടമുണ്ടാക്കിയ കാപട്യങ്ങളെ എണ്ണിയെണ്ണി പറയാൻ കഴിയും. കാലം അതെല്ലാം പുറത്ത് എത്തിച്ചിരിക്കുന്നു.
1. സത്യം, അഹിംസ, സർവ്വമത സമഭാവന, എന്നിവയാണ് തൻ്റെ പ്രാണവായു എന്ന് ഗാന്ധിജി പലവട്ടം പറയുകയും വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. നെഹ്രഹ്രുവിന് ഇതിലൊന്നിലും വിശ്വാസമുണ്ടായിരുന്നില്ല. എന്നിട്ടും ഗാന്ധി ശിഷ്യനായി ഭാവിച്ചു അവനവനെയും മറ്റുള്ളവരെയം ഒരു പോലെ നെഹ്റു ചതിച്ചു. ഈ അസത്യം പ്രചരിപ്പിക്കാൻ നെഹ്രു വൈതാളികരെയും ഉണ്ടാക്കിയിരുന്നു.
2. താൻ മതവിശ്വാസി അല്ലെന്നും നിരീശ്വരവാദിയാണെന്നും പരസ്യമായി പലവട്ടം പറഞ്ഞ നെഹ്രു, താൻ പാശ്ചാത്യ സെക്യുലറിസത്തിലാണ് വിശ്വസിക്കുന്നതെന്നും പരസ്യമായി പറഞ്ഞു. എന്നാൽ രഹസ്യമായി മതാനുഷ്ഠാനങ്ങൾ പാലിക്കുകയും ചെയ്തു. ഉദാഹരണങ്ങൾ ഏറെയുണ്ട്. 1947 ആഗസ്ത് 14ന് ത്രിസന്ധ്യക്ക് ബ്രാഹ്മണ പുരോഹിതർ പൂജ ചെയ്യുകയും നെഹ്രു, കുളിച്ച്, ഈറനുടുത്തു കൊണ്ടു തൊഴുകയ്യോടെ ഭക്തിപൂർവ്വം അതിൽ പങ്കാളിയായി ഇരിക്കുകയു ചെയ്തു. ദീർഘകാലം ഭരണാധികാരിയായി തുടരാൻ ആ പൂജ സഹായിക്കുമെന്ന വിശ്വാസമാണ് ഈ നിരീശ്വരവാദിയെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. ഇന്ത്യൻ ചരിത്രകാരന്മാർ വിജയകരമായി ഇക്കാര്യം മറച്ചു വെച്ചു.
3. മതത്തിൻ്റെ പേരിലുള്ള ഒരു വിഭജനവും സെക്യുലറിസ്റ്റായ താൻ അംഗീകരിക്കില്ല എന്നു നെഹ്‌റു പലവട്ടം പറഞ്ഞു. അതുകൊണ്ട് മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രിയാകുന്നതിനുവേണ്ടി മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കുന്നത് സമ്മതിക്കാൻ അദ്ദേഹത്തിന് അല്പം പോലും മടിയുണ്ടായില്ല.
4. കാശ്മീർ പ്രശ്നം ഇത്രയ്ക്ക് വഷളാക്കിയതിൻ്റെ സമ്പൂർണ്ണമായ ഉത്തരവാദിത്വം അദ്ദേഹത്തിനു തന്നെ. പാക്ക് അധീന കാശ്മീർ നെഹ്രുവിൻ്റെ സൃഷ്ടിയാണ്. കാശ്മീരിൻ്റെ പ്രത്യേക പദവിയും നെഹ്റുവിൻ്റെ സംഭാവനയാണ്. ഇന്നും ഇന്ത്യ അതിനു വില നൽകിക്കൊണ്ടിരിക്കുന്നു.
6. ഇന്ത്യാ ചൈന ഭായ് ഭായ് എന്നു അദ്ദേഹം വിളിച്ചു കൂകിയത് കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന അടങ്ങാത്ത അഭിനിവേശം മൂലമാണ്. അതിൻ്റെ ഫലമായിട്ടാണ് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയ്ക്ക് ലഭിച്ച പദവി ഈ മാന്യൻ ചൈനയ്ക്ക് സമ്മാനിച്ചത്. ഈ വിഢിത്തത്തിനും ഇന്ത്യ വലിയ വില നൽകേണ്ടി വന്നു; ഇന്നും നൽകിക്കൊണ്ടിരിക്കുന്നു.1962ൽ അദ്ദേഹം കാണിച്ച ഹിമാലയൻ വങ്കത്തം കൊണ്ടാണ് ഇന്ത്യൻ മണ്ണ് ചൈനയുടെ അധീനത്തിലായത്.
7. സോവിയറ്റ് യൂണിയൻ്റെ ആരാധകനായിരുന്നു നെഹ്റു. 1917ൽ ഒക്ടോബർ വിപ്ലവത്തിൻ്റെ പത്താം വാർഷികത്തിൽ പങ്കെടുത്ത നെഹ്റു സോവിയറ്റ് സോഷ്യലിസത്തിൻ്റേയും ആരാധകനായി മാറിയിരുന്നു. അതിൻ്റെ ഫലമായിട്ടാണ് മിക്സഡ് ഇക്കോണമി എന്ന വികലമായ സാമ്പത്തിക നയം ഇന്ത്യയിൽ നടപ്പിലാക്കാൻ അദ്ദഹം തീരുമാനിച്ചത്. ആറ് പതിറ്റാണ്ടു കാലം ഇന്ത്യ കനത്ത ദാരിദ്ര്യത്തിൽ കഴിയാനുള്ള പ്രധാന കാരണം നെഹ്റുവിൻ്റെ ഈ തലതിരിഞ്ഞ സാമ്പത്തിക നയമായിരുന്നു. എഴപത് ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചു കഴിയുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യ. അത്തരം ഒരു രാജ്യത്ത്, തലയ്ക്ക് വെളിവുള്ള ഏതൊരു ഭരണാധികാരിയും കൃഷിയെ വികസിപ്പിക്കുന്നതിനാകും ശ്രമിക്കുക. കാരണം, കൃഷി വികസിച്ചാൽ പട്ടിണിമാറും. എന്നാൽ കൃഷിയെ വികസിപ്പിക്കാതെ സോവിയറ്റ് മോഡൽ വ്യവസായം ഉണ്ടാക്കാൻ നെഹ്റു തീരുമാനിച്ചു. അതു മൂലമാണ് ഇന്ത്യയിൽ പട്ടിണി മരണങ്ങൾ ഉണ്ടായത്.
8. ഏതൊരു രാജ്യത്തിൻ്റേയും വികസനവും അവിടുത്തെ ജനങ്ങൾക്ക് ലഭിക്കുന്ന പ്രാഥമിക വിദ്യാഭ്യാസവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. എന്നാൽ, നെഹ്റു പ്രാഥമിക വിദ്യാഭ്യാസത്തെ അവഗണിച്ചു. അതിൻ്റെ കുറവ് നാം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു.
9. ഇന്ത്യൻ രാഷ്ട്രീയത്തിൽ കുടുംബാധിപത്യം സ്ഥാപിച്ചതിൻ്റെ മഹത്വം ഈ സോഷ്യൽ ഡിമോക്രാറ്റിന് അവകാശപ്പെട്ടതാണ്. കുടുംബാധിപത്യവും ജനാധിപത്യവും ഒരുമിച്ചു പോകില്ല എന്ന കാരും കുടുംബ സ്നേഹിയായ നെഹ്രു മറന്നു. ആ മറവിക്കും ഇന്ത്യ വലിയ വില നൽകേണ്ടിവന്നു. ഇന്നും നൽകിക്കൊണ്ടിരിക്കുന്നു.
10. ന്യൂനപക്ഷ മതപ്രീണന രാഷ്ട്രീയം വികസിപ്പിച്ചെടുത്തതും ഈ മതേതരവാദിയാണ്. മതത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയിൽ ഉടമസ്ഥാപകാശം ഉറപ്പിക്കുന്ന വഖഫ് നിയമം നിർമ്മിച്ചതും ഈ മഹാൻ തന്നെ. ന്യൂനപക്ഷ വോട്ട് ബാങ്ക് എന്ന സങ്കല്പം വികസിപ്പിച്ചെടുത്തതും ഈ പുരോഗമനവാദിയാണ്. അതിൻ്റെ തിക്തഫലങ്ങൾ ഇന്നും നമ്മുടെ രാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്നു.
11. “ചെറിയ ചെറിയ അഴിമതിയെ ഓർത്ത് മാന്യന്മാർ വിഷമിക്കേണ്ടതില്ല ” എന്ന മഹദ് വചനം സമ്മാനിച്ച മഹാനാണ് നെഹ്റു. അതിൻ്റെ ഫലമായിട്ടാണ് അഴിമതിയെ സഹിക്കണം എന്ന സങ്കല്പം ഇന്ത്യയിൽ രൂപപ്പെട്ടത് തൻ്റെ സ്വന്തക്കാരുടെ അഴിമതി മൂടി വെയ്ക്കാനും ലഘൂകരിക്കാനും നെഹ്റുവിന് പ്രത്യേക വിരുതുണ്ടായിരുന്നു.
12. ഉദ്യോഗസ്ഥരുടെ പെർമിറ്റ് രാജ് വികസിപ്പിച്ച് നടപ്പിലാക്കിയതും നെഹ്റു തന്നെ. അതിൻ്റെ ഫലമായിട്ടാണ് സുതാര്യമല്ലാത്ത ബ്യൂറോക്രസിയും അഴിമതിയും ഭരണത്തിൻ്റെ സ്വഭാവമായി മാറിയത്.
13. പട്ടിണി നെഹ്രുവിന് ഒരു കാല്പനിക വിഷയം മാത്രമായിരുന്നു. അതുകൊണ്ട് പട്ടിണിയെ കുറിച്ച് അദ്ദേഹം വാചാലമായി സംസാരിച്ചു. പക്ഷേ, മനുഷ്യൻ്റെ വിശപ്പു മാറ്റാൻ അദ്ദേഹം കാര്യമായി ഒന്നും ചെയ്തില്ല.
14. ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്വജനപക്ഷപാതത്തിൻ്റെ ഉപജ്ഞാതാവും പണ്ഡിറ്റ്ജിയാണ്. സ്വന്തക്കാരെയും ബന്ധുക്കളെയും മാത്രമല്ല തൻ്റെ വാല്യക്കാരേയം അധികാരക്കസേരയിൽ വാഴിച്ച മഹാനാണ് അദ്ദേഹം. കൂടെ നിന്ന എല്ലാവർക്കും ഈ ജനാധിപത്യവാദി വാരിക്കോരി കൊടുത്തു.
15. അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ വക്താവായി ഭാവിച്ചു കൊണ്ട് ഏതാണ്ട് 16 പുസ്തകം / സിനിമ/ ലേഖനം എന്നിവ നിരോധിച്ചു അദ്ദേഹം മാതൃക കാണിച്ചു. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ, 1957 ൽ തന്നെ, ഈ ജനാധിപത്യവാദി പിരിച്ചുവിട്ടു. എന്നിട്ടും, ഇന്ത്യയിൽ ജനാധിപത്യം നിലനിർത്തിയത് നെഹ്റു കുടുംബമാണെന്നു പ്രചരിപ്പിക്കപ്പെട്ടു.
ഇതിനെല്ലാം പുറമേയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ആദ്ധ്യക്ഷ്യം വഹിച്ച കാബിനറ്റ് യോഗം പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിന് തന്നെ ആദ്യത്തെ ഭാരതരത്ന പുരസ്കാരം നല്കാൻ തീരുമാനിച്ചത്. പണ്ഡിറ്റ് ജവഹരിലാൽ നെഹ്റു ഈ പുരസ്കാരം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനേട് വിനയപൂർവ്വം ആവശ്യപ്പെടുകയും പണ്ഡിറ്റ് നെഹ്രു ആ ബഹുമതി സ്വീകരിക്കാമെന്നു സദയം സമ്മതിക്കുകയും ചെയ്തു. ഇതുപോലൊരു നാറിയ തീരുമാനം, അതിന് മുമ്പ്, ചില വങ്കൻമാരായ രാജാക്കന്മാരെ മാറ്റി നിർത്തിയാൽ, മറ്റാരും എടുത്തിട്ടുണ്ട് എന്നു തോന്നുന്നില്ല.
ഇതെല്ലാം മറച്ചുവെച്ചു കൊണ്ട് ഇന്ത്യൻ ചരിത്രമെഴുതി വിദ്യാർത്ഥികളെ പഠിപ്പിച്ച ചരിത്രകാരന്മാരേക്കാൾ കള്ളന്മാരായി മാറ്റാരുമില്ല എന്നു നിസ്സംശയം പറയാം. അവർ അനേകം തലമുറകളെ നുണ പഠിപ്പിച്ചു. കൊച്ചുകുട്ടികളെ കള്ളം പഠിപ്പിച്ചതിന് ഇവരോട് ദൈവം പോലും ക്ഷമിക്കുമെന്നു തോന്നുന്നില്ല. ഇന്നാകട്ടെ, മൂടിവെച്ച അരമനരഹസ്യങ്ങൾ അങ്ങാടി പാട്ടായി പുറത്തുവരുന്നു. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Discussion about this post