നമ്പർ വൺ കേരളത്തിൽ കഞ്ചാവ് വ്യാപാര കേന്ദ്രം കണ്ടെത്തി. കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് മെൻസ് ഹോസ്റ്റലിലാണ് കഴിഞ്ഞ വൻ കഞ്ചാവ് വേട്ട നടന്നത്. കോളേജിലെ എസ്എഫ്‌ഐ യൂണിയൻ ജനറൽ സെക്രട്ടറി അടക്കം മൂന്നുപേരെയാണ് പിടികൂടിയത്. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് കളമശ്ശേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. സംഭവത്തിൽ എസ്എഫ്‌ഐ യൂണിയൻ ജനറൽ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി ഹരിപ്പാട് സ്വദേശി ആദിത്യൻ, കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പരിശോധനയ്ക്കിടെ മൂന്ന് പേർ രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ പോളിത്തീൻ ബാഗിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. പരിശോധനയ്ക്കിടെ കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും കണ്ടെത്തിയിട്ടുണ്ട്.റെയ്ഡിനായി ഡാൻസാഫ് സംഘം എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം പറഞ്ഞു.രാത്രി ഒൻപത് മണിയോടെ ആരംഭിച്ച മിന്നൽപരിശോധന,പുലർച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. 1.9 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോളേജ് ഹോസ്റ്റലിൽനിന്ന് ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്. രണ്ടാഴ്ച മുമ്പ് കോളേജിലെ പൂർവ്വ വിദ്യാർഥികളെ കോളേജിന് സമീപത്തുനിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഇതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേളേജ് ഹോസ്റ്റലിനുള്ളിൽ പരിശോധന നടത്തിയത്.ഇതിന് പിന്നാലെ കേസിൽ അറസ്റ്റിലായ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് സംഭവുമായി ബന്ധമില്ലെന്ന് എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കി. ഓടിരക്ഷപ്പെട്ടവർ കെഎസ്യു പ്രവർത്തകരാണെന്നും ഇപ്പോൾ പിടികൂടിയവർ അവർക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു.
സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിന്റെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്. ചെറിയ അളവിൽ പലപ്പോഴായി മുൻപും വിദ്യാർത്ഥികളിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ക്യാംപസിൽ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഹോളി ആഘോഷം നടക്കാനിരിക്കെ മുൻകരുതൽ എന്ന നിലയിലാണ് പരിശോധന നടന്നതെന്നും പ്രിൻസിപ്പാൾ ഡോ.ഐജു തോമസ് വ്യക്തമാക്കി.ആകെ 60 പേരാണ് ഹോസ്റ്റലിലുള്ളത്.അവരെല്ലാവരും കഞ്ചാവ് ഉപയോഗിക്കണമെന്നില്ല. സംഭവത്തിൽ അക്കാദമിക് കൗൺസിൽ യോഗം ചേർന്ന് അറസ്റ്റിലായ വിദ്യാർഥികൾക്കെതിരെ നടപടി എടുക്കും.പിടിയിലായവർ മൂന്നാംവർഷ വിദ്യാർഥികളാണ്. അവരുടെ ഭാവിയെ ബാധിക്കാത്ത തരത്തിലായിരിക്കും നടപടിയെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി
അതേസമയം കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ സാഹചര്യത്തിൽ കൊച്ചിയിലെ കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് കൊച്ചി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. മറ്റ് കോളേജ് ഹോസ്റ്റലുകളിലേക്കും സമാനമായ രീതിയിൽ കഞ്ചാവ് എത്തിക്കുന്നുണ്ടോയെന്നും വിതരണം ചെയ്യുന്നുണ്ടോയെന്നും വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post