കോട്ടയം: മുൻ പങ്കാളി എലിസബത്തിനെതിരെ പോലീസിൽ പരാതി നൽകി നടൻ ബാല. തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിലൂടെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കൊച്ചി ഡിസിപി ഓഫീസിൽ ഭാര്യയ്‌ക്കൊപ്പം എത്തിയാണ് ബാല പരാതി നൽകിയത്.
യൂട്യൂബർ അജു അലക്‌സുമായി ചേർന്ന് സോഷ്യൽ മീഡിയ വഴി അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. അജു അലക്‌സിന് 50 ലക്ഷം രൂപ നൽകണം എന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോൺകോൾ വന്നിരുന്നു. എന്നാൽ ഈ ഭീഷണിയ്ക്ക് വഴങ്ങിയില്ല. ഇതിന് പിന്നാലെയാണ് തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ ആരംഭിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പരാതി നൽകിയതിന് പിന്നാലെ ബാലയും എലിസബത്തും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി ബാലയിൽ നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ എലിസബത്ത് ഉദയൻ വെളിപ്പെടുത്തുന്നുണ്ട്. ഇത് വലിയ വാർത്തയാകുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് എലിസബത്തിനെതിരെ ബാല പോലീസിൽ പരാതി നൽകിയത്. വിവാഹ ശേഷം ബാല പലതവണ ക്രൂരമായി പീഡിപ്പിച്ചുവെന്നും പീഡനം സഹിക്കാനാകാതെ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും ആയിരുന്നു എലിസബത്തിന്റെ ആരോപണം. ബാലയ്ക്ക് വേറെ ഭാര്യയുണ്ടെന്നും, ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയയിൽ ദുരൂഹതയുണ്ടെന്നും എലിസബത്ത് ആരോപിച്ചിരുന്നു.
ആരോപണങ്ങൾ നിരന്തരം വന്നതോടെ ഇതിനെതിരെ പ്രതികരിച്ച് ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില രംഗത്ത് എത്തി. എലിസബത്തിന് വേറെ ഭർത്താവുണ്ടെന്ന തരത്തിൽ ആയിരുന്നു കോകിലയുടെ പ്രതികരണം.
Discussion about this post