മകനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്‌തെന്ന് ആരോപിച്ച് കോടതിയെ സമീപിച്ച് മാതാവ് രമ. ഹരിപ്പാട് സ്വദേശിയായ രാകേഷിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതായാണ് അമ്മ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. 2015ലാണ് രാകേഷിനെ കാണാതാവുന്നത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മനീഷ കെ ഭദ്രൻ മുമ്പാകെയാണ് രമ ഹർജി ഫയൽ ചെയ്തത്.
ഹരിപ്പാട് സ്വദേശികളായ ഏഴ് പേരും അവരുടെ കൂട്ടാളികളും ചേർന്ന് 2015 നവംമ്പർ 6നും 7 നും ഇടയിലുള്ള രാത്രിയിൽ തന്റെ മകനെ കൊലപ്പെടുത്തി. ശേഷം മൃതദേഹം മറവ് ചെയ്തു. സംഭവസ്ഥലത്തിന് സമീപത്തു നിന്നും ലഭിച്ച രക്തത്തുള്ളികളും മുടികളും അപ്രത്യക്ഷനായ രാകേഷിന്റെയാണ്. എന്നാൽ കേസിന്റെ അന്വേഷണ വേളയിൽ പ്രതികളുടെ ശക്തമായ സമ്മർദ്ദത്തിന്റെ ഫലമായി കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പോലിസ് വിമുഖത പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് രമ ആരോപിക്കുന്നത്.
ഇപ്രകാരമൊരു കേസിന്റെ അന്വേഷണത്തിൽ കോടതിയുടെ മോണിറ്ററിങ്ങ് ഉണ്ടാകണമെന്നും നിലവിലെ കേസ് അന്വേഷണത്തിന്റെ സാഹചര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും അടിയന്തിരമായി വിളിച്ചു വരുത്തണമെന്നും കേസിൽ ഹർജിക്കാരിക്ക് വേണ്ടി ഹാജരായ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ ആവശ്യപ്പെട്ടു.
രാകേഷിന്റെ കൊലപാതകത്തിന് പങ്ക് ഉണ്ട് എന്ന് സംശയിക്കുന്ന ഒരു വ്യക്തി മറ്റൊരു കേസിൽ ജയിലിൽ ആയ സമയം സഹ തടവ് കാരോട് തന്റെ കൂടെ പങ്കാളിത്തത്തോടു കൂടിയാണ് രാകേഷിനെ വക വരുത്തിയത് എന്നും, എവിടെയാണ് മൃതദേഹം അടക്കം ചെയ്തത് എന്നത് അടക്കമുള്ള വിവരങ്ങൾ തനിക്ക് അറിയാമെന്നും പറഞ്ഞിട്ടുള്ളതായി വിവരം ലഭിച്ചതായി രാകേഷിന്റെ അമ്മ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും വിളിച്ചു വരുത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിൽ രാകേഷിന്റെ മാതാവിന് വേണ്ടി അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്
Discussion about this post