കണ്ണൂർ: പാപ്പിനിശേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുവായ 12 വയസുകാരിയാണ് പ്രതിയെന്ന് പോലീസ്. 12 കാരി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. കുഞ്ഞിന്റെ പിതൃസഹോദരിയുടെ മകളാണ് കുറ്റം സമ്മതിച്ചത്.സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറയുന്നു.
വാടക കോട്ടേഴ്‌സിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള യാസികയെ സഹോദരി അർദ്ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റിൽ ഇട്ടുവെന്നാണ് പോലീസ് പറയുന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്.
Discussion about this post