കൊച്ചി: ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് ഹൈക്കോടതിയുടെ വിമർശനം.വിപ്ലവം ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോർഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ഇത് ക്ഷേത്രോത്സവമാണെന്നും കോളേജ് യൂണിയൻ ഫെസ്റ്റിവൽ അല്ലെന്നും വ്യക്തമാക്കിയ കോടതി, ഇത്തരം കാര്യങ്ങൾ എങ്ങനെയാണ് ക്ഷേത്രോത്സവത്തിൽ അനുവദിക്കുന്നതെന്നും ചോദിച്ചു.തികച്ചും വ്യത്യസ്തമാണ് ക്ഷേത്രോത്സവം. ഭക്തരിൽ നിന്ന് ശേഖരിക്കുന്ന പണം ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയല്ല ചെലവാക്കേണ്ടത്. ദൈവത്തിനായി നൽകുന്ന പണം ധൂർത്തടിച്ച് കളയാനുള്ളതല്ല. പണം കൂടുതലുണ്ടെങ്കിൽ അവിടെ വരുന്നവർക്ക് അന്നദാനം നൽകൂ. ഉത്സവങ്ങൾ ഭക്തിയുടെ കൂട്ടായ്മയാണ്. ക്ഷേത്രോപദേശക സമിതി അംഗങ്ങൾ രാഷ്ട്രീയക്കാരല്ല, വിശ്വാസികൾ ആയിരിക്കണമെന്നും ഹൈക്കോടതി ചോദിച്ചു.
പരിപാടിക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി ഉണ്ടായിരുന്നില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഇതേപ്പറ്റി ദേവസ്വം ചീഫ് വിജിലൻസ് ഓഫിസർ അന്വേഷിക്കുന്നുണ്ട്. ക്ഷേത്രോപദേശക സമിതിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. പ്രോഗ്രാം നോട്ടീസ് നൽകിയിരുന്നില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
Discussion about this post