സമയം പുലർച്ചെ 3.27. ഡ്രാഗൺ പേടകം മെക്‌സിക്കൻ ഉൾക്കടലിൽ സ്പ്ലാഷ് ഡൗൺ ചെയ്യുന്നു. പിന്നാലെ കൈവീശി വിജയി ഭാവത്തിൽ നിറ പുഞ്ചിരിയോടെ സുനിത വില്യംസ് പുറത്തേയ്ക്ക്. അങ്ങിനെ ഒൻപത് മാസം നീണ്ട ലോകത്തിന്റെ കാത്തിരിപ്പിന് വിരാമം. സുനിത വില്യംസ് ഭൂമിയിൽ.
എട്ട് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയതായിരുന്നു സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് എട്ടാം ദിവസം തീരുമാനിച്ചത് പോലെ മടക്കയാത്ര ഉണ്ടായില്ല. ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി.
ഇതിനിടെ സുനിത വില്യംസിനെയും സഹയാത്രികനെയും തിരികെയെത്തിക്കാൻ പല ശ്രമങ്ങൾ നടന്നു. എന്നാൽ ഇതൊന്നം ഫലം കാണാതിരുന്നതോടെ ശാസ്ത്രലോകത്ത് ആശങ്ക പടർന്നു. ഇതിനിടെ സുനിതാ വില്യംസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ ആശങ്ക ഇരട്ടിയാക്കി. എന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുന്ദരമായ നിമിഷങ്ങൾ പങ്കുവച്ച് സുനിത കോടാനുകോടികൾക്ക് ആശ്വാസം പകർന്നു.
ഒൻപത് മാസങ്ങൾക്ക് ശേഷം സുനിത വില്യംസിനെ ഭൂമിയിൽ തിരിച്ചെത്തിക്കാനുള്ള നിയോഗം നാസയുടെ സ്‌പേസ് എക്‌സ് ഡ്രാഗൻവ പേടകത്തിനായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ 15 ന് സ്‌പേസ് എക്‌സ് ക്രൂ 9 യാത്ര ആരംഭിച്ചു. മൈലുകൾ താണ്ടി സുനിതയുടെ അടുത്തേയ്ക്ക്. ഒരു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തോട് യാത്ര പറഞ്ഞ് സുനിതയെയും വിൽമോറും ഭൂമിയിലേക്ക്. ആശ്വാസത്തിന്റെയും അഭിമാനത്തിന്റെയും നെഞ്ചിടിപ്പിന്റെയും മണിക്കൂറുകൾ.
സുനിതാ വില്യംസ് തിരിച്ചെത്തുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്തിന് നൽകിയ വാക്ക് കൂടിയാണ് നിറവേറ്റപ്പെടുന്നത്. ബഹിരാകാശത്ത് കുടുങ്ങിയവരെ തിരികെ എത്തിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ഇടപെടൽ സുനിതയുടെയും വിൽമോറിന്റെയും തിരിച്ചുവരവിന് നിർണായകമായി
ദൗത്യം പൂർത്തീകരിച്ച് മടങ്ങുന്ന സുനിത വില്യംസ് ഭാരതത്തിന്റെ അഭിമാനം കൂടിയാണ് ഉയർത്തിപ്പിടിക്കുന്നത്. ഗുജറാത്തിലെ മെഹ്‌സാന ഗ്രാമത്തിൽ ആഴ്ന്ന് കിടക്കുകയാണ് സുനിതയുടെ വേരുകൾ. അതുകൊണ്ട് തന്നെ സുനിത ഭാരത നാരികളുടെ ശക്തികൂടിയാണ് വെളിവാക്കുന്നത്. ബഹിരാകാശം കീഴടക്കി വിജയശ്രീ ലാളിതയായി തിരികെയെത്തിയ സുനിതയെ പിതാവിന്റെ നാട്ടിലേക്ക് ക്ഷണിക്കാനാണ് മെഹ്‌സാനയിലെ ജനങ്ങളുടെ തീരുമാനം.
മനുഷ്യരെ സംബന്ധിച്ച് അത്ര എളുപ്പമല്ല ബഹിരാകാശവാസം. ദീർഘനാൾ നീളുന്ന ബഹിരാകാശ വാസം ഒരു പക്ഷെ മരണത്തിന് വരെ കാരണം ആയേക്കാം. ദൗത്യങ്ങൾക്കായി ബഹിരികാശത്ത് എത്തുന്നവർ നിശ്ചിത സമയത്തിനുള്ളിൽ അത് പൂർത്തിയാക്കി മടങ്ങാറാണ് പതിവ്. ഈ പതിവിന് വിപരീതം ആയിരുന്നു സുനിതയ്ക്ക് സംഭവിച്ചത്. മരണത്തെ പോലും അതിജീവിച്ചുകൊണ്ടാണ് സുനിതയുടെ മടങ്ങിവരവ്.
ശാസ്ത്രം മാത്രമല്ല വിശ്വാസവും സുനിത വില്യംസിന്റെ മടങ്ങിവരവിന് പിന്നിലുണ്ട്. തികഞ്ഞ ഹൈന്ദവ വിശ്വാസിയായ സുനിതയ്ക്ക് ബഹിരാകാശത്ത് ശക്തിപകർന്നത് ആകട്ടെ ഗണതി ഭഗവാനും. ഗണപതി തന്റെ ഭാഗ്യദേവൻ ആണെന്നും താൻ ഗണപതി ഭക്തയാണെന്നും സുനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബഹിരാകാശത്തേയ്ക്ക് പോകുമ്പോൾ ഗണപതി വിഗ്രഹം കൊണ്ടുപോകണമെന്ന ആഗ്രഹവും അവർ പ്രകടമാക്കിയിരുന്നു.
തിരികെയെത്തിയിട്ടും അവസാനിക്കുന്നില്ല സുനിതയുടെ കടമ്പകൾ. ദീർഘനാളത്തെ ബഹിരാകാശവാസം കഴിഞ്ഞെത്തുന്ന സുനിതയെ കാത്തിരിക്കുന്നത് നിരവധി ാരോഗ്യപ്രശ്‌നങ്ങളാണ്. സംഘാഗങ്ങൾക്കൊപ്പം തിരികെ എത്തിയ സുനിതയെ വീൽചെയറിൽ ആയിരുന്നു പേടകത്തിൽ നിന്നും മാറ്റിയത്.
അണുബാധയും ഉറമില്ലായ്മയും ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടിവരിക. ശരീരം പാകപ്പെടാൻ മാസങ്ങൾ നീണ്ട കാത്തിരിപ്പ് ആവശ്യം. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞ സുനിതയ്ക്കും വിൽമോറിനവും ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ മാസങ്ങൾ വേണ്ടിവന്നേയ്ക്കാം. ഉറക്കമില്ലായ്മ, മാനസിക ബുദ്ധിമുട്ടുകൾ, ബേബി ഫീറ്റ്, അണുബാധ തുടങ്ങി നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.
എന്നാൽ മരണത്തെപ്പോലും കീഴടക്കിയെത്തിയ സുനിത ഈ പ്രതിസന്ധികളും അതിവേഗം തരണം ചെയ്യുമെന്നതിൽ സംശയമില്ല. എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ ഗണപതിഭഗവാൻ സുനിതയ്ക്ക് തുണയേകും. ഒപ്പം ലോകത്തിന്റെ പ്രാർത്ഥനയും.
Discussion about this post