മലപ്പുറം: വിവിധ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആശാവർക്കർമാരെ അധിക്ഷേപിച്ച് സിപിഎം നേതാവ് എ. വിജയരാഘവൻ. ആശാവർക്കർമാർ സർക്കാർ ജീവനക്കാർ അല്ലെന്നും ഇവരെയൊക്കെ നിയമിച്ചത് പ്രധാനമന്ത്രിയാണെന്നും വിജയരാഘവൻ പറഞ്ഞു. സർക്കാരിനെ ദുർബലപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണ് സമരം എന്നും അദ്ദേഹം ആരോപിച്ചു. എടപ്പാൾ കാലടിയിലെ ടി.പി കുട്ടേട്ടൻ അനുസ്മരണ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ആശ വർക്കർമാർക്കെതിരായ അധിക്ഷേപം.
സമരം ചെയ്യുന്നവരെ ആരൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുന്നതാണ്. ആശകളെ നിയമിച്ചത് പ്രധാനമന്ത്രിയാണ്. അപ്പോൾ പ്രധാനമന്ത്രിയ്‌ക്കെതിരെയാണ് അല്ലാതെ സർക്കാരിനെതിരെയല്ല സമരം നടത്തേണ്ടത്. അവരെ പിഎസ്‌സി നിയമിച്ചത് ആണോ?. ആശാ വർക്കർമാർ സർക്കാർ ജീവനക്കാർ അല്ല. കളവ് പ്രചരിപ്പിച്ച് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎം മൂന്നാം വട്ടവും അധികാരം പിടിയ്ക്കുമെന്ന് അറിയാം. ഇത് സംഭവിക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത് എന്നും വിജയരാഘവൻ വ്യക്തമാക്കി.
കേരളത്തിൽ ഇരുപതിനായിരം ആശാ വർക്കർമാരെങ്കിലും ഉണ്ട്. എന്നാൽ 500 പേരെ സമരം ചെയ്യുന്നുള്ളൂ. ഇവർ ഇപ്പോഴൊന്നും സമരം അവസാനിപ്പിക്കാൻ പോകുന്നില്ല. ആദ്യം ഇവർ സമരം ചെയ്യും, പിന്നീട് വേറെ ആരെയെങ്കിലും കൊണ്ടിരുത്തും. പാവപ്പെട്ട ആളുകളെ പണം കൊടുത്ത് ഇവിടെ കൊണ്ടിരുത്തി സമരം ചെയ്യിക്കുക ആണെന്നും വിജയരാഘവൻ ആരോപിച്ചു.
Discussion about this post