തിരുവനന്തപുരം: മലയൻകീഴ് സ്വദേശിനിയായ ഗീതാകുമാരിയുടെയും മകൾ ഗൗരിയുടെയും താമസം ഇനി മുതൽ അടച്ചുറപ്പുള്ള വീട്ടിൽ. നിർമ്മാണം പൂർത്തിയായ പുതിയ ഗൃഹത്തിലേക്ക് ഇരുവരും ദീപവുമായി വലതുകാൽവച്ച് കയറിയതോടെയാണ് വർഷങ്ങളായുള്ള ഇവരുടെ ഭീതി അവസാനിച്ചത്. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗമായ പി.കെ കൃഷ്ണദാസ് ആയിരുന്നു ഇവർക്കായി വീട് നിർമ്മിച്ച് നൽകിയത്.
കഴിഞ്ഞ ദിവസം ആയിരുന്നു പണി പൂർത്തിയാക്കിയ വീട് ഇവർക്ക് കൈമാറിയത്. കൃഷ്ണദാസാണ് ഇവർക്ക് ദീപവും വീടിന്റെ താക്കോലും കൈമാറിയത്. ഏത് നിമിഷം വേണമെങ്കിലും നിലം പൊത്താവുന്ന രണ്ട് മുറി വീട്ടിൽ ആയിരുന്നു അമ്മ ഗീതാകുമാരിയും ഗൗരിയും താമസിച്ചിരുന്നത്.
പഠിക്കാൻ മിടുക്കിയാണ് ഗൗരി. പത്താംക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സേവാ ഭാരതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഗൗരിയുടെ ദുരിതം അദ്ദേഹം അറിഞ്ഞത്. തുടർന്ന് പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് ഉറപ്പ് നൽകുകയായിരുന്നു. കാട്ടാക്കട നമോ സേവാ കേന്ദ്രം, പാലക്കാട് ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റ് എന്നിവരുമായി ചേർന്നാണ് ഗൗരിയുടെയും അമ്മയുടെയും വീടെന്ന സ്വപ്‌നം അദ്ദേഹം സാക്ഷാത്കരിച്ചത്.
കൃഷ്ണദാസിൽ നിന്നും സംഭവം കേട്ടറിഞ്ഞ സിഎംഎൻ ട്രസ്റ്റ് അംഗങ്ങൾ ഗീതാകുമാരിയുടെ വീട് സന്ദർശിച്ചു. ആറ് സെന്റ് ഭൂമിയാണ് ഗീതാകുമാരിയ്ക്ക് ഉള്ളത്. കുടുംബ സ്വത്തായി ലഭിച്ചതാണ് ഇത്. ഇതോടെ ഇതിൽ വീട് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 10 ന് വീടിന് തറക്കല്ലും ഇട്ടു. ആറ് മാസം കൊണ്ടാണ് വീടിന്റെ മുഴുവൻ നിർമ്മാണവും പൂർത്തിയായത്.
വീട്ടുജോലി ചെയ്താണ് ഗീതാകുമാരി ഗൗരിയെ പഠിപ്പിച്ചിരുന്നത്. വർഷങ്ങളായി ഹൃദ്രോഗിയായ ഗീതാകുമാരി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഇടയ്ക്ക് വീണ് കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വീട്ടുജോലിയ്ക്ക് പോകാനും കഴിയാതെ ആയി. ഇതിനിടെ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യം ആയത് കുടുംബത്തിന് ഏറെ ആശ്വാസമാണ്. താക്കോൽദാന ചടങ്ങിൽ സി.എംഎൻ ട്രസ്റ്റ് അംഗം സന്തോഷ്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, സൗത്ത് ജില്ലാ അദ്ധ്യക്ഷൻ മൂക്കംപാലമൂട് ബിജു തുടങ്ങി നൂറോളം പേർ പങ്കെടുത്തു.
Discussion about this post